കെ.ഒ.എസ്.പി.ബി.എസ്. ഹൈ പവര്‍ കമ്മറ്റി...
കേരള ഒളിമ്പിക് അസോസിയേഷന്റെ പുതിയ പദ്ധതിയായ കേരള ഒളിമ്പിക് സ്പോര്‍ട്സ് പ്രൊമോഷന് & ബെനവലന്റ് സ്കീമിന്റെ ഹൈ പവര്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം പാര്‍വതി ബായി തമ്പുരാട്ടി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തില്‍ കമ്മറ്റി ചെയര്മാന് റിട്ട. ജസ്റ്റിസ് എം ആര് ഹരിഹരന് നായര്‍, മുന്‍ ഡി ജി പി ജേക്കബ് പുന്നൂസ്, എസ് ബി ഐ ചീഫ് ജനറല്‍ മാനേജര്‍ എം എല്‍ ദാസ് തുടങ്ങി വിവിധ മേഖലകളെ പ്രതിനിധീകരിച്ചു പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
കേരള ഒളിമ്പിക് അസോസിയേഷന് വൈസ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ സ്വാഗതം അര്‍പ്പിച്ച യോഗത്തില്‍ കേരള ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് വി സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ എസ് രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കമ്മറ്റിയുടെ പ്രവര്‍ത്തന രീതികള്‍ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. കേരളത്തിന്റെ സ്പോര്‍ട്സ് മേഖലയില്‍ വിവിധങ്ങളായ ഇടപെടലുകള്‍ നടത്തുവാനും ഒരു പുതിയ കായിക സംസ്കാരം വളര്‍ത്തിയെടുക്കുവാനും നിരവധി അഭിപ്രായങ്ങള്‍ കമ്മറ്റി അംഗങ്ങള്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.
സി എസ് ആര് ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നിലവിലെ സംസ്ഥാനത്തെ കായിക മേഖലയുടെ വിവിധ പ്രശ്നങ്ങളെയും കുറിച്ച് ചര്‍ച്ച ഉണ്ടാകുകയും അതിനു വേണ്ട നിര്‍ദ്ദേശങ്ങളും അംഗങ്ങള്‍ മുന്നോട്ടുവക്കുകയും ചെയ്തു. കായിക താരങ്ങളെ ദത്തെടുത്തു ഒളിമ്പിക്സിനെ മുന്നില്‍ കണ്ടു മികച്ച പരിശീലനവും നല്കാന് കമ്മറ്റിയില്‍ ധാരണയായി. വിവിധ പ്രോജക്ടുകള്‍ ഉണ്ടാക്കി അതിനു ചിലവാകുന്ന തുകക്കുള്ള ബഡ്ജറ്റ് ഉണ്ടാക്കി കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുവാന്‍ തീരുമാനിച്ചു. യോഗത്തിലുണ്ടായ നിര്‍ദ്ദേശങ്ങള്‍ തീരുമാനങ്ങള്‍ ആകുമ്പോളാണ് അത് വിജയത്തില്‍ എത്തുന്നതെന്ന് അവലോകനത്തില്‍ ചെയര്മാന് അഭിപ്രായപ്പെട്ടു. ഡേവിസ് പാത്താടന്‍ യോഗത്തിനു നന്ദി പറഞ്ഞു.
READ MORE