ലോക അമ്പെയ്ത്ത് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ സ്വർണവേട്ട തുടരുന്നു. കഴിഞ്ഞ ദിവസം വനിതകളുടെ കോംപൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയ ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത് 2 സ്വർണവും ഒരു വെങ്കലവും. വനിതകളുടെ കോംപൗണ്ട് വ്യക്തിഗത വിഭാഗത്തിൽ അദിതി സ്വാമിയും പുരുഷന്മാരിൽ ഓജസ് പ്രവീണുമാണ് സ്വർണം എയ്തു വീഴ്ത്തിയത്. വനിതകളുടെ കോംപൗണ്ട് വ്യക്തിഗത വിഭാഗത്തിൽ ജ്യോതി സുരേഖ വെങ്കലവും നേടി. ലോക ചാംപ്യൻഷിപ്പിലെ എക്കാലത്തെയും മികച്ച നേട്ടവുമായിട്ടാണ് ഇന്ത്യ ബർലിനിൽ നിന്നു മടങ്ങുന്നത്. 3 സ്വർണവും, ഒരു വെങ്കലവും. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഈ നേട്ടം ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകും.