കേരള യൂണി. അത്‌ലറ്റിക്സ് : എൽ.എൻ.സി.പി.ഇ ഓവറാൾ ചാമ്പ്യൻസ്

കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്ററിൽ ഓവറാൾ ചാമ്പ്യന്മാരായി കാര്യവട്ടം എൽ.എൻ.സി.പി.ഇ. മൂന്നുദിവസമായി നടന്ന മീറ്റിൽ 169 പോയിന്റ് നേടിയാണ് എൽ.എൻ.സി.പി.ഇ ജേതാക്കളായത്. 160 പോയിന്റ് നേടിയ കൊല്ലം കരിക്കോട് ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് റണ്ണേഴ്സ് അപ്പായി. 160 പോയിന്റ് നേടിയ ടി.കെ.എം പുരുഷ വിഭാഗത്തിലെ ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. മീറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടി.കെ.എം റണ്ണേഴ്സ് അപ്പാകുന്നതും പുരുഷ ചാമ്പ്യന്മാരാകുന്നതും. വനിതാ വിഭാഗത്തിലെ മൂന്നാം സ്ഥാനവും ടി.കെ.എമ്മിന് ലഭിച്ചു. എൽ.എൻ.സി.പി.ഇയാണ് വനിതാ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാർ. അഞ്ചൽ സെന്റ്.ജോൺസ് കോളേജ് വനിതാ വിഭാഗത്തിൽ രണ്ടാമതെത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് ഓവറാൾ പോയിന്റ് നിലയിൽ മൂന്നാമതെത്തിയത്.

സൗത്ത് സോണ്‍ ഇന്റര്‍യൂണി. പുരുഷ ടെന്നീസ് : വെല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചാമ്പ്യന്‍മാര്‍

കേരള സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ടെന്നീസ് ക്ലബില്‍ സംഘടിപ്പിച്ച ദക്ഷിണ മേഖലാ ഇന്റര്‍ സര്‍വകലാശാല ടെന്നീസ് പുരുഷ ടൂര്‍ണമെന്റില്‍ ചെന്നൈയില വെല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടെക്‌നോളജി ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ അവര്‍ കോയമ്പത്തൂര്‍ ഭാരതിയാര്‍ സര്‍വകലാശാലയെ 2-1 തോല്‍പ്പിച്ചു. വെല്‍സിന് വേണ്ടി പ്രണവ് കാര്‍ത്തിക്, കീര്‍ത്തി വസന്ത് എന്നിവരാണ് കളത്തിലിറങ്ങിയത്. സമാപനച്ചടങ്ങില്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി മീറ്റില്‍ പങ്കെടുത്ത കേരള യൂണിവേഴ്‌സിറ്റി താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.