കരാട്ടെയിൽ കപ്പടിച്ച് തിരുവനന്തപുരം

കേരള കരാട്ടേ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടന്ന  46-ാമത് സംസ്ഥാന സബ് ജൂനിയർ, സീനിയർ കരാട്ടേ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് കിരീടം. കത്ത, കുമിത്തെ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 113 പോയിന്‌റുകളോടെയാണ് തലസ്ഥാന ജില്ല കിരീടം ചൂടിയത്. 74 പോയിന്റുകളോടെ മലപ്പുറം രണ്ടാം സ്ഥാനത്തും 67 പോയിന്റുകളുമായി എറണാകുളം മൂന്നാം സ്ഥാനത്തുമെത്തി.
14 ജില്ലകളിൽ നിന്നായി 1200ഓളം താരങ്ങളാണ്  വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന  മേളയിൽ മാറ്റുരച്ചത്. ചാമ്പ്യൻഷിപ്പിന്റെ  ഉദ്ഘാടനം തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു.  ചടങ്ങിൽ ദേശീയ സ്കൂൾ ഗെയിംസ് കരാട്ടേയിൽ മെഡൽ നേടിയ വിദ്യാർത്ഥികളെ  ആദരിച്ചു. കേരള കരാട്ടേ അസോസിയേഷൻ പ്രസിഡന്റ് സെൻസെയ് എസ്. രഘുകുമാർ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, തൃശൂർ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ ആർ സുരേഷ്, റഫറി കമീഷൻ ചെയർമാൻ സെൻസെയ് സുനിൽ കുമാർ, വൈസ് പ്രസിഡന്റ് സെൻസെയ് ആർ. സൂരജ്, ട്രഷറർ സെൻസെയ് പി.പി. വിജയകുമാർ എന്നിവർ സംസാരിച്ചു.  റഫറി കമ്മീഷൻ അംഗങ്ങളായ അസീസ്, വിജയൻ, ടി.എ. തോമസ്, രതീഷ്, വി. സമ്പത്ത് എന്നിവർ പങ്കെടുത്തു. കേരള കരാട്ടേ അസോസിയേഷൻ ജനറൽ സെെക്രട്ടറി പി. ചന്ദ്രശേഖര പണിക്കർ സ്വാഗതവും ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ ആര്യ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.