ആവേശമായി കേരള ഓപ്പൺ കരാട്ടേ
കേരള ഒളിമ്പിക് അസോസിയേഷനും കേരള കരാട്ടെ അസോസിയേഷനും സഹകരിച്ച് നടത്തിയ പ്രഥമ കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് വിജയകരമായി പര്യവസാനിച്ചു.സംസ്ഥാനത്തുടനീളമുള്ള 3000 ത്തോളം കരാട്ടെ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുത്തു.
ഏപ്രിൽ 10 മുതൽ 12വരെ തിരുവനന്തപുരത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.രാജീവ്, കേരള ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എസ്.എൻ രഘുചന്ദ്രൻ നായർ, കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് എസ്.രഘുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കത്തെ,കുമിത്തെ ഇനങ്ങളിലായി നടന്ന മത്സരങ്ങളിലായി കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള കരാട്ടെ താരങ്ങൾ മാറ്റുരച്ചു. കരാട്ടെയിൽ കേരളത്തിന്റെ പ്രതിഭകളുടെ കരുത്ത് വെളിവാക്കുന്നതായി മാറി ബൃഹത്തായ ഈ ചാമ്പ്യൻഷിപ്പ്.മൂന്ന് ദിവസമായി നടന്ന ചാമ്പ്യൻഷിപ്പിൽ ഓവറാൾ ചാമ്പ്യന്മാരായത് ആറ്റിങ്ങൽ കരാട്ടെ ടീമാണ്.
എസ്.കെ.എ തിരുവനന്തപുരവും ഐ.എസ്.കെ.എഫ് കോട്ടയവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മികച്ച പ്രകടനങ്ങൾക്കപ്പുറം വലിയ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ ടൂർണമെന്റിലേക്ക് കൊണ്ടുവന്നതിനുള്ള അവാർഡ് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകൾ സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിൽ 100-ലധികം പങ്കാളികളെ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾക്കുള്ള പുരസ്കാരം ആറ്റിങ്ങൽ കരാട്ടെ ടീം, എസ്.കെ.എ തിരുവനന്തപുരം, ഷാവോലിൻ ഷിറ്റോ റിയു പത്തനംതിട്ട എന്നിവർ നേടി .
വിജയികൾക്കുള്ള ട്രോഫി വിതരണം ഏപ്രിൽ 12ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ, കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് രഘുകുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ പി.വിഷ്ണുരാജ് , അഖിൽ തമ്പി, പ്രശാന്ത് ഇ എന്നിവർ നിർവഹിച്ചു .























