ഇന്റർ യൂണി. ജൂഡോ: നന്ദന പ്രസാദിന് വെങ്കലം
ചണ്ഡിഗഡിൽ നടന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ജൂഡോ ചാമ്പ്യൻഷിപ്പിൽ എംജി യൂണിവേഴ്സിറ്റിയുടെ നന്ദന പ്രസാദ് -78 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി.
നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ(NSA) താരമായ നന്ദന ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷൻ ട്രെഷറർ സൈജു ചെറിയാൻ, സച്ചിൻ ജോണി എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. മുൻപ് നിരവധി സംസ്ഥാന ദേശീയ മത്സരങ്ങളിൽ മെഡലുകൾ നേടിയിട്ടുള്ള നന്ദന നെടുങ്കണ്ടം പൂവക്കുളത്ത് ആശാ ബാലകൃഷ്ണന്റെ മകളാണ്. നെടുംകണ്ടം എം.ഇ.എസ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയായ നന്ദന രണ്ടുമാസം മുമ്പ് നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ജൂഡോ ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയിരുന്നു.
നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ താരമായ സന്ദീപ് ഷാജി കണ്ണൂർ യൂണിവേഴ്സിറ്റിക്കായി മത്സരിച്ച് ഏഴാം സ്ഥാനം നേടി നന്ദനയോടൊപ്പം ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.153 യൂണിവേഴ്സിറ്റികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ എം ജി യൂണിവേഴ്സിറ്റിയുടെ ഏക മെഡലാണ് നന്ദനയുടേത്.
മെഡൽ ജേതാവിനെ ഇടുക്കി ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡണ്ട് പി. കെ ഷാജി, നെടുംകണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിഹാബ് ഈട്ടിക്കൽ, എൻ. എസ്. എ ചെയർമാൻ റ്റി. എം ജോൺ എന്നിവർ അഭിനന്ദിച്ചു.