സംസ്ഥാന ജൂനിയർ വനിതാ ഹോക്കി : മലപ്പുറം ചാമ്പ്യൻസ്
കേരള ഹോക്കിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം ഹോക്കി എം. എസ്.പി ഗ്രൗണ്ടിൽ സംഘടിപ്പിച്ച പത്താമത് സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ ആതിഥേയ ജില്ലയായ മലപ്പുറം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പത്തനംതിട്ടയെ തോൽപ്പിച്ച് വിജയികളായി. ലൂസേഴ്സ് ഫൈനലിൽ തിരുവനന്തപുരം ജില്ല ഏറണാകുളത്തെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മൂന്നാം സ്ഥാനം നേടി. പൂൾ ബി ചാമ്പ്യന്മാരായിട്ടാണ് മലപ്പുറം ജില്ല ഫൈനലിൽ എത്തിയത്. വിജയികൾക്ക് കേരള ഹോക്കി സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി. സോജിയും മാസ്റ്റേഴ്സ് ഹോക്കി കേരള ചെയർമാനായ പാലോളി അബ്ദുറഹ്മാനും സമ്മാനങ്ങൾ നൽകി. മലപ്പുറം ഹോക്കി പ്രസിഡന്റ് ബഷീർ അഹമ്മദ് മച്ചിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. കേരള ഹോക്കി സംസ്ഥാന ട്രഷറർ കെ. നിയാസ്, മലപ്പുറം ഹോക്കി ഭാരവാഹികളായ എം.എസ്. റസ്വി, നൗഷാദ് മാമ്പ്ര, വി. റാഷിദ് , ഷുഹുദ് അരിപ്ര, എസ്. സീത എന്നിവർ സംസാരിച്ചു. നർത്തകി നീന ശബരീഷ്, പ്രസ് ക്ലബ് പ്രസിഡന്റ് മഹേഷും പ്രത്യേക ക്ഷണിതാക്കളായി പരിപാടിയിൽ പങ്കെടുത്തു. മികച്ച കളിക്കാരിയായി മലപ്പുറം ജില്ലയിലെ ദർശനയേയും മികച്ച ഗോൾ കീപ്പറായി തിരുവനന്തപുരം ജില്ലയിലെ ദേവിക അജിയേയും മികച്ച ഡിഫന്റർ ആയി തിരുവനന്തപുരം ജില്ലയിലെ നന്ദന ബോസിനെയും പ്രോമിസിംഗ് പ്ളേയർ ആയി എറണാകുളം ജില്ലയിലെ എയ്ജൽ ഏൽദോയേയും ടോപ്പ് സ്കോറർ ആയി പത്തനംതിട്ട ജില്ലയിലെ സനുഷയേയും തെരഞ്ഞെടുത്തു.