കൊല്ലം ഹോക്കി സമ്മർക്യാമ്പിൽ
ഹോക്കി കിറ്റ് വിതരണം ചെയ്തു
കൊല്ലം ഹോക്കിയും ഐ.ആർ.ഇ.എൽ ചവറയും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വേനൽകാല ഹോക്കി പരിശീലനക്യാമ്പിലെ കിറ്റ് വിതരണം. മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. കേരളത്തിന് ഹോക്കിയിൽ പെരുമ പകർന്ന കൊല്ലത്തുനിന്ന് മികച്ച ഹോക്കി താരങ്ങളെ സൃഷ്ടിക്കാൻ വേനൽക്കാല ക്യാമ്പിലൂടെ കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു. പുതിയ സർക്കാർ സ്പോർട്സിന് പ്രധാന്യം നൽകുമെന്നും ചെറുപ്പക്കാരനായ കായിക മന്ത്രി ഒ.ജെ ജനീഷിന് കായികരംഗത്തെ കേരളത്തിന്റെ കിതപ്പ് മാറ്റാൻ കഴിയുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
കൊല്ലം ഹോക്കി പ്രസിഡന്റ് ജി.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, ഐ.ആർ.ഇ.എൽ ജനറൽ മാനേജർ എൻ.എസ് അജിത്ത് , ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.വി രാധാകൃഷ്ണൻ, സെക്രട്ടറി ശ്രീകുമാരി.വി, കൊല്ലം ഹോക്കി സെക്രട്ടറി എം.ജെ മനോജ്, വൈസ് പ്രസിഡന്റ് ഡോ.ഇന്നസെന്റ് ബോസ്, ജോയിന്റ് സെക്രട്ടറി അജയകുമാർ,ഗീതാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മാർച്ചിൽ ആരംഭിച്ച സമ്മർക്യാമ്പിന് മുൻ ഇന്ത്യൻ ജൂനിയർ കോച്ച് രവിവർമ്മയുടെ നേതൃത്വത്തിലുള്ള പരിശീലകസംഘമാണ് നേതൃത്വം നൽകുന്നത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും ക്ളബുകളിൽ നിന്നും 150ഓളം കുട്ടികൾ പങ്കെടുത്തു. ക്യാമ്പ് ജൂലായ് 11ന് സമാപിക്കും.