നിലവിലെ ചാമ്പ്യന്മാരായ മലപ്പുറത്തെ അട്ടിമറിച്ച് എറണാകുളം ഒൻപതാമത് കേരള ഹോക്കി സംസ്ഥാന സീനിയർ പുരുഷ വിഭാഗത്തിൽ ചാമ്പ്യന്മാരായി. ഫൈനലിൽ മൂന്നിനെതിരെ ഏഴ് ഗോളുകൾക്കായിരുന്നു എറണാകുളത്തിന്റെ ജയം.
മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ കോഴിക്കോട് തിരുവനന്തപുരത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. എറണാകുളം ജില്ലയുടെ ഗോൾ കീപ്പർ കെ.എ.സഹലാണ് മികച്ച ഗോൾ കീപ്പർ, മലപ്പുറത്തിന്റെ കെ.മുഹമ്മദ് ഷിയാസ് മികച്ച പ്രതിരോധ താരവും തിരുവനന്തപുരത്തിന്റെ എസ്.അഖിൽ മികച്ച ഫോർവേർഡുമായി. സമാപനചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് മുഖ്യാതിഥിയായി. കേരള ഹോക്കി സംസ്ഥാന സെക്രട്ടറി സി.ടി.സോജി അദ്ധ്യക്ഷനായി. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സി. അംഗം രാധാകൃഷ്ണ പിള്ള, ജില്ലാ ഒളിമ്പിക് അസോ. സെക്രട്ടറി ജയകൃഷ്ണൻ, മുൻ ഇന്ത്യൻ താരം ബിപിൻ ഫെർണാണ്ടസ്, സെലക്ടർ ഷൺമുഖൻ, റിട്ട. ആർമി ഓഫിസർ സന്തോഷ് കുമാർ, കൊല്ലം ഹോക്കി പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, സെക്രട്ടറി ഡോ.എം.ജെ മനോജ് തുടങ്ങിയവർ സംസാരിച്ചു.