ദേശീയ ജിം‌നാസ്റ്റിക്‌സ്: മഹാരാഷ്ട്രയ്ക്ക് കിരീടം

കൊച്ചിയിൽ നടന്ന ത്രിദിന ആൾ-ഏജ് ഗ്രൂപ്പ് എയറോബിക് ജിമ്നാസ്റ്റിക്‌സ് നാഷണൽ ചാമ്പ്യൻഷിപ്പിൽ 102 പോയിന്റ് നേടി മഹാരാഷ്ട്ര ചാമ്പ്യന്മാർ ആയി. ഗുജറാത്ത് 49 പോയിന്റ് നേടി രണ്ടാമത് എത്തിയപ്പോൾ 40 പോയിന്റുമായി കർണാടകം മൂന്നാം സ്ഥാനം സ്വന്തമാക്കി. അര ഡസനോളം ഇനങ്ങളിൽ ഫൈനലിൽ എത്തിയ കേരളത്തിന് പക്ഷെ മെഡലുകൾ നേടാനായില്ല. ജൂനിയർ ട്രയോ വിഭാഗത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ച അഭിനയ എൻ.എ , അശ്വിനി നായർ എ , കിഞ്ചൽ എം .എസ് എന്നിവർ അടങ്ങിയ ടീമിന് കപ്പിനും ചുണ്ടിനും ഇടയിൽ വെങ്കല മെഡൽ നഷ്ടമായത് കാണികളിൽ നിരാശ പടർത്തി.യൂത്ത് വിഭാഗത്തിൽ കേരളത്തിന്റെ  എം.എസ് നീരവ്, എൻ.എ അഭിനന്ദന,നാഷണൽ ഡെവലപ്പ്മെന്റൽ വിഭാഗത്തിൽ ആർ.റിതുൽ എന്നിവരും മിക്സഡ് പെയർ ഇനത്തിൽ തൻസിയ-റിതുൽ സഖ്യവും ട്രയോ ഇനത്തിൽ ദക്ഷിണദേവ്, വജ്ര ആർ.ശിവ, ദേവിക എന്നിവരടങ്ങിയ ടീമും ഫൈനലിലെത്തിയിരുന്നു.  
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏഴ് ഇനങ്ങളിലായി (ഇൻഡിവിജുവൽ മെൻ , ഇൻഡിവിജുവൽ വുമൺ , മിക്സഡ് പെയർ , ട്രിയോ , ഗ്രൂപ്പ് , എയ്റോ ഡാൻസ് , എയ്റോ സ്റ്റെപ് ) 600-ത്തിലധികം മത്സരാർത്ഥികൾ ആണ് കൊച്ചി റീജിയണൽ സ്പോർട്സ് സെന്ററിൽ നടന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.