കേരള പ്രീമിയർ ലീഗ് ഫുട്ബാളിന് തുടക്കമായി

കേരള ഫുട്‌ബാൾ അസോസിയേഷൻ (കെ.എഫ്.എ) സംഘടിപ്പിക്കുന്ന കേരള പ്രീമിയർ ലീഗിന്റെ (കെ.പി.എൽ) 13ാം പതിപ്പിന്  മാർച്ച് എട്ടിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ  തുടക്കമായി. ഗോകുലം കേരള എഫ്‌.സിയും കാലിക്കറ്റ് എഫ്‌.സിയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം.

  സീസണിൽ സംസ്ഥാനത്തെ 14 ക്ലബുകളാണ് മത്സരിക്കുന്നത്. കാലിക്കറ്റ് എഫ്.സിക്ക് പുറമേ, കെ.പി.എൽ രണ്ടാം ഡിവിഷനിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഇ.എം.ഇ.എ കോളജ്, സായ് കൊല്ലം എന്നീ ടീമുകളാണ് മറ്റു പുതുമുഖക്കാർ. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സി., ഗോൾഡൻ ത്രെഡ്‌സ് എഫ്‌.സി., റിയൽ മലബാർ എഫ്‌.സി., ഇന്റർ കേരള എഫ്‌.സി., കെ.എസ്.ഇ.ബി., കേരള പൊലീസ്, വയനാട് യുണൈറ്റഡ് എഫ്‌.സി., പി.എഫ്.സി കേരള, കോവളം എഫ്‌.സി., കേരള യുണൈറ്റഡ് എഫ്‌.സി എന്നിവയാണ് മറ്റു ടീമുകൾ.

കെ.പി.എൽ ജേതാക്കളാകുന്ന ടീമിനെ ഇന്ത്യൻ ഫുട്‌ബാൾ ലീഗ് മൂന്നിലേയ്‌ക്ക് നാമനിർദ്ദേശം ചെയ്യുമെന്ന് കേരള ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, ജനറൽ സെക്രട്ടറി ഷാജി സി. കുര്യൻ എന്നിവർ  അറിയിച്ചു.

14 ടീമുകളെ എഴ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി (ഗ്രൂപ്പ് എ, ബി) തിരിച്ചാണ് ആദ്യവട്ട മത്സരങ്ങൾ . ഓരോ ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാർ സൂപ്പർ എട്ട് റൗണ്ടിലെത്തും. സൂപ്പർ എട്ടിലെ മികച്ച നാല് ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറും. ഫൈനൽ ഉൾപ്പടെ 73 മത്സരങ്ങൾ.  തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും. ഫള്ഡ്‌ലൈറ്റിന് കീഴിലാകും ഭൂരിഭാഗം മത്സരങ്ങളും.   തത്സമയം സംപ്രേക്ഷണമുണ്ട്.