ത്രീ ഓൺ ത്രീ ദേശീയ ബാസ്കറ്റ് കേരളത്തിന് സ്വർണവും വെള്ളിയും
ദേശീയ അണ്ടർ 23 ത്രീ ഓൺ ത്രീ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പ് കൊച്ചിയിലെ റീജിയണൽ സ്പോർട്സ് സെന്ററിൽ സമാപിച്ചു . വനിതാ വിഭാഗത്തിൽ കേരളം ജേതാക്കളായി സ്വർണമെഡൽ നേടിയപ്പോൾ പുരുഷ വിഭാഗത്തിൽ ഫൈനലിൽ തോറ്റ് വെള്ളിയിലൊതുങ്ങി.ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ, കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ, സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ചേർന്നാണ് സംഘടിപ്പിച്ചത്.
കർണാടകയെ 19-11ന് പരാജയപ്പെടുത്തിയാണ് കേരള വനിതകൾ ജേതാക്കളായത്. ആൻ സക്കറിയ, അക്ഷയ ഫിലിപ്പ്, ചിന്നു കോശി എന്നിവർ 5 പോയിന്റുകൾ വീതം നേടി കേരളത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചു. ഐറിൻ എൽസ ഫിലിപ്പും മികച്ച പ്രകടനം കാഴ്ചവച്ചു. പുരുഷ ഫൈനലിൽ ഉത്തർപ്രദേശ് 21-14നാണ് കേരളത്തെ തോൽപ്പിച്ചത്. വിജയികൾക്ക് മൂന്നുലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിച്ചു.
സമാപനച്ചടങ്ങിൽ ഭീമ ജ്വല്ലേഴ്‌സ് ചെയർമാൻ ബിന്ദുമാധവ്, കെ.ബി.എ പ്രസിഡന്റ് ജേക്കബ് ജോസഫ്, ലൈഫ് പ്രസിഡന്റ് പി.ജെ. സണ്ണി, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ എസ്.എ.എസ്. നവാസ്, സ്റ്റാർട്ടിംഗ് ഫൈവ് ഡയറക്ടർമാരായ ഫിറോസ് മീരാൻ, പി. ജേക്കബ്, കെ.ബി.എ ജനറൽ സെക്രട്ടറി പി.സി. ആന്റണി, എറണാകുളം ബാസ്‌ക്കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി ജൈസൺ പീറ്റർ എന്നിവർ ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു.