ദേശീയ ജൂനിയർ ബാസ്കറ്റ് : കേരളത്തിന് വെള്ളി

പുതുച്ചേരിയിൽ നടന്ന ദേശീയ ജൂനിയർ ബാസ്കറ്റ് ബാൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് വെള്ളി. ആവേശകരമായ പോരാട്ടം കണ്ട ഫൈനലിൽ കേരളം 51-55ന് ഛത്തിസ്ഗഡിനോട് തോൽക്കുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ കടുത്ത ആക്രമണം അഴിച്ചുവിട്ട ഛത്തീസ്ഗഡ് ആദ്യ ക്വാർട്ടറിൽ 19-11 ന്റെ ശക്തമായ ലീഡ് നേടി കേരളത്തെ പ്രതിരോധത്തിലാക്കി. എന്നാൽ രണ്ടാം ക്വാർട്ടറിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ കേരളം എതിരാളികളുടെ പ്രതിരോധപ്പിഴവുകൾ മുതലെടുത്ത് 17-10 ന് മുന്നിലെത്തി. ഇതോടെ ഹാഫ് ടൈം വിസിലടിയുമ്പോൾ ഛത്തീസ്ഗഡിന്റെ ലീഡ് വെറും ഒരു പോയിന്റായി (29-28) ചുരുങ്ങി.തന്ത്രപരമായ നീക്കങ്ങൾ കണ്ട മൂന്നാം ക്വാർട്ടറിലും കേരളം കടുത്ത സമ്മർദ്ദം ചെലുത്തി 11-10 ന് നേരിയ ലീഡ് നിലനിർത്തി. എന്നാൽ മത്സരത്തിന്റെ നിർണായകമായ അവസാന ക്വാർട്ടറിൽ ചാമ്പ്യന്മാരുടെ പരിചയസമ്പത്തുമായി തിരിച്ചുവന്ന ഛത്തീസ്ഗഡ് ശക്തമായ പ്രതിരോധവും വേഗതയേറിയ കൗണ്ടർ അറ്റാക്കുകളും പുറത്തെടുത്തു. അവസാന ക്വാർട്ടർ 16-12 ന് സ്വന്തമാക്കിയ അവർ കേരളത്തിന്റെ കിരീടമോഹങ്ങൾ തകർത്തു.ഛത്തീസ്ഗഡിനായി 22 പോയിന്റുകൾ നേടിയ ദിവ്യ രംഗാരിയാണ് ടോപ്പ് സ്കോറർ. ക്യാപ്ടൻ അഞ്ജലി കൊഡാപെ 14 പോയിന്റുകൾ നേടി ടീമിനെ നയിച്ചു. കേരളത്തിനായി ലിയ മരിയ, സുഭദ്ര ജയകുമാർ എന്നിവർ 12 പോയിന്റുകൾ വീതവും വൈഗ ടി. 11 പോയിന്റും നേടി മികച്ച പോരാട്ടം കാഴ്ചവെച്ചു.