സ്റ്റേറ്റ് യൂത്ത് ബാസ്‌ക്കറ്റ്‌ബാൾ : കിരീടം നിലനിറുത്തി കോഴിക്കോടും തൃശൂരും
കാഞ്ഞങ്ങാട് നടന്ന 42-ാമത് സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ആൺകുട്ടികളിൽ തൃശൂരും കിരീടം നിലനിർത്തി. കേരള ബാസ്‌ക്കറ്റ്‌ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കാസർകോട് ജില്ലാ ബാസ്‌ക്കറ്റ്‌ബാൾ അസോസിയേഷൻ സംഘടിപ്പിച്ച ടൂർണമെന്റിൽ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്.
പെൺകുട്ടികളുടെ ഫൈനലിൽ ആലപ്പുഴയെ 84–41 എന്ന സ്കോറിന് തകർത്താണ് കോഴിക്കോട് കരുത്ത് തെളിയിച്ചത്. ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട അക്ഷര കെ 31 പോയിന്റുകൾ നേടി കോഴിക്കോടിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
നിലവിലെ ചാമ്പ്യന്മാരായ തൃശൂരും തിരുവനന്തപുരവും ഏറ്റുമുട്ടിയ ആൺകുട്ടികളുടെ ഫൈനൽ നിശ്ചിത സമയത്തും ആദ്യ അധിക സമയത്തും സമനിലയിലായിരുന്നു. രണ്ടാം എക്സ്ട്രാ പീരിയഡിലേക്ക് നീണ്ട മത്സരത്തിൽ 119–112 എന്ന സ്കോറിന് തിരുവനന്തപുരത്തെ വീഴ്ത്തി തൃശൂർ കിരീടം നിലനിർത്തി. തൃശൂരിന് വേണ്ടി അഭിനാദ് രാജേഷ് 44 പോയിന്റുകൾ നേടി.
പെൺകുട്ടികളിൽ കൊല്ലത്തെ 69–68 എന്ന സ്കോറിന് തോൽപ്പിച്ച് തിരുവനന്തപുരം വെങ്കലം നേടി.
ആലപ്പുഴയെ 88–73 എന്ന സ്കോറിന് പരാജയപ്പെടുത്തി ആൺ കുട്ടികളിൽ കോട്ടയം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കാസർഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ, കാഞ്ഞങ്ങാട് എം.എൽ.എ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.