സ്‌പോർട്‌സ് ക്വാട്ട: തയ്ക്കൊണ്ടോയിൽ വേർതിരിവ് വേണ്ടെന്ന് ഹൈക്കോടതി

തയ്‌ക്കൊണ്ടോ പൂംസെ വിഭാഗത്തിൽ മെഡൽ നേടിയവരെയും സ്‌പോർട്‌സ് ക്വാട്ട നിയമനത്തിന് പരിഗണിക്കണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളി.
തയ്‌ക്കൊണ്ടോ ‘പൂംസെ”, ‘ക്യോറുഗി” വിഭാഗങ്ങളിൽ പൂംസെയ്‌ക്ക് സ്‌പോർട്‌സ് കൗൺസിലിന്റെ അംഗീകാരമില്ലെന്ന പേരിൽ സ്‌പോർട്‌സ് ക്വാട്ട നിയമനത്തിന് പരിഗണിക്കാനാകില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഇതിനെതിരെ 2017 ലും 2018 ലും ദേശീയ ചാമ്പ്യൻഷിപ്പുകളിൽ വെങ്കലം നേടിയ കോഴിക്കോട് കൂടത്തുംപാറ സ്വദേശി കെ.രഞ്ജിത്ത് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്.
തയ്‌ക്കൊണ്ടോയുടെ രണ്ട് രീതികൾ തമ്മിലുള്ള വേർതിരിവ് സ്‌പോർട്‌സ് കൗൺസിൽ വിജ്ഞാപനത്തിൽ ഇല്ലെന്ന് വിലയിരുത്തി ഡിവിഷൻബെഞ്ച് സർക്കാരിന്റെ ഹർജി തള്ളുകയായിരുന്നു