സ്വിഷ് മാസ്റ്റേഴ്സ് ബാസ്കറ്റ്ബോൾ
തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഒന്നാമത് സ്വിഷ് പ്രൈസ് മണി ഓൾ ഇന്ത്യ മാസ്റ്റേഴ്സ് ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ തെബാസ്കോ തേവരയ്ക്ക് ഇരട്ട കിരീടം. പുരുഷന്മാരുടെ 55 പ്ലസ് വിഭാഗത്തിലും വനിതകളുടെ 30 പ്ലസ് വിഭാഗത്തിലുമാണ് തേവര കിരീടം ചൂടിയത്. എന്നാൽ വനിതകളുടെ 40 പ്ലസ് വിഭാഗത്തിൽ കേരള പോലീസ് മുൻ താരങ്ങൾ അണിനിരന്ന വാരിയേഴ്സിനോട് പരാജയപ്പെട്ടതോടെ (17-33) തേവരയ്ക്ക് ട്രിപ്പിൾ കിരീട നേട്ടം നഷ്ടമായി.
സ്വിഷ് ബാസ്കറ്റ്ബോൾ അക്കാഡമിയും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.ഒൻപത് വിഭാഗങ്ങളിലായി 60 ടീമുകൾ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ 40+, 45+, 50+, 55+, 60+, 65+ പ്രായപരിധിയിലുള്ളവരും, വനിതാ വിഭാഗത്തിൽ 30+, 40+, 50+ പ്രായപരിധിയിലുള്ളവരുമാണ് മത്സരിച്ചത്.
ജില്ലാ കളക്ടർ അനുകുമാരി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. മുൻ ബാസ്‌ക്കറ്റ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻ്റ് ഡോ. എം.എം. ചാക്കോ, മുൻ അന്താരാഷ്ട്ര ഹാൻഡ്‌ബോൾ താരവും സ്വിഷ് ബാസ്‌ക്കറ്റ്‌ബോൾ അക്കാദമി പ്രസിഡന്റുമായ ഡിങ്കി എഫ്. ഡിക്രൂസ് മേയർ വി.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.