ഹാൻഡ്‌ബാൾ റഫറി-കോച്ച് ക്ലിനിക്
കേരള ഹാൻഡ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല റഫറി & കോച്ച് ക്ലിനിക്ക് 2026 എറണാകുളം പനമ്പിള്ളി നഗർ ഗവ. എച്ച്.എസ്.എസിൽ പൂർത്തിയായി. 2026 മെയ് 9, 10 തീയതികളിൽ നടന്ന ദ്വിദിന ക്ലിനിക്ക്, അന്താരാഷ്ട്ര ഹാൻഡ്‌ബോൾ ഫെഡറേഷന്റെ പുതിയ നിയമങ്ങളിലും ആധുനിക പരിശീലന രീതികളിലും കേരളത്തിലെ റഫറിമാർക്കും കോച്ചുമാർക്കും പരിശീലനവും സർട്ടിഫിക്കേഷനും നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.
ആദ്യദിനം രാവിലെ 11:00 മണിക്ക് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.ഡി. മാർട്ടിൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ കേരള ഹാൻഡ്‌ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. എസ്. എസ്. സുധീർ സ്വാഗതം ആശംസിച്ചു. അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് സി. കെ. സനൽ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ പി.ഡി. മാർട്ടിൻ, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി എസ്.എ.എസ്. നവാസ്, മുഖ്യപരിശീലകനായ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹാൻഡ്‌ബോൾ കോച്ച് ഡോ. ബിനോയ് ഡി.എസ്. എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
പുതിയ നിയമങ്ങളെക്കുറിച്ചുള്ള സാങ്കേതിക സെഷനുകൾ, റഫറിമാർക്കായി മത്സര നിയന്ത്രണം, സിഗ്നലിംഗ് എന്നിവയിൽ പ്രായോഗിക പരിശീലനം, കോച്ചുമാർക്കായി ആധുനിക ഡ്രില്ലുകൾ, പ്രതിഭാ നിർണയം, വീഡിയോ വിശകലനം, എഴുത്തുപരീക്ഷയും പ്രായോഗിക മൂല്യനിർണയവും ആയിരുന്നു ക്ലിനിക്കിലെ മുഖ്യ ആകർഷണം.
വിവിധ ജില്ലകളിൽ നിന്നുമുള്ള കായികാധ്യാപകർ, കോച്ചുമാർ, മുൻ കളിക്കാർ, സ്പോർട്സ് സയൻസ് വിദ്യാർത്ഥികൾ എന്നിവർ ക്ലിനിക്കിൽ പങ്കെടുത്തു.
ഉദ്ഘാടന പ്രസംഗത്തിൽ ടി.ജെ. വിനോദ് എം.എൽ.എ. കേരളത്തിലെ ഹാൻഡ്‌ബോൾ കായികരംഗത്തിന്റെ വളർച്ചയ്ക്ക് യോഗ്യരായ ഒഫീഷ്യൽസിന്റെയും കോച്ചുമാരുടെയും പ്രാധാന്യം എടുത്തുപറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിനൊപ്പം നിൽക്കാൻ തുടർപരിശീലനം അനിവാര്യമാണെന്ന് ഡോ. ബിനോയ് ഡി.എസ്. ചൂണ്ടിക്കാട്ടി.
കെ.എച്ച്.എ ജോയിന്റ് സെക്രട്ടറിമാരായ സന്തോഷ് എം. പറയിൽ, കെൻസി ജോൺ, എക്സിക്യൂട്ടീവ് മെമ്പർ രാജേഷ്. പി, മുൻ മെമ്പർ മധുസൂദനൻ കെ.വി എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.എച്ച്.എ ട്രഷറർ കെ.എം. രാജീവ് കൃതജ്ഞത രേഖപ്പെടുത്തി.
സമാപന സമ്മേളനത്തിൽ എസ്. ഐ സഹീന ക്ലിനിക്കിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഹാൻഡ്‌ബാൾ അസോസിയേഷൻ ഓഫ് ഇന്ത്യയിലും കേരള ഒളിമ്പിക് അസോസിയേഷനിലും അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരള ഹാൻഡ്‌ബാൾ അസോസിയേഷൻ, ഇത്തരം ക്ലിനിക്കുകളിലൂടെ സംസ്ഥാനത്തെ ഹാൻഡ്‌ബോൾ അടിസ്ഥാന സൗകര്യങ്ങളും മാനവ വിഭവശേഷിയും വികസിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.