വരുന്നു, വനിതാ കബഡി ലീഗ്
ആറ് ടീമുകൾ, 120 താരങ്ങൾ, ആവേശമായി താരലേലം
സംസ്ഥാനത്ത് ആദ്യമായി വനിതാ കബഡി ലീഗ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേരള സംസ്ഥാന കബഡി ടെക്നിക്കൽ കമ്മിറ്റി. മെയ് 20 മുതൽ 22 വരെ കൊല്ലം പുത്തൻകുളം ഇസ്യാൻ സ്പോർട്സ് സിറ്റിയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിന് മുന്നോടിയായി ഇസ്യാൻ സ്പോർട്സ് സിറ്റിയിൽ വെച്ച് ഏപ്രിൽ 30ന് കളിക്കാരുടെ ലേലം നടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 120ലധികം വനിതാതാരങ്ങൾ ലീഗിനായി രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ നിന്നും ലേലത്തിലൂടെ താരങ്ങളെ ആറ് ടീമുകളും സ്വന്തമാക്കി. ടീം യോക്ക കാസർഗോഡ്, ഫോർട്ട് വാരിയേഴ്സ് പാലക്കാട്, റോയൽ ഫൈറ്റേഴ്സ് കോഴിക്കോട്, പിങ്ക് വാരിയേഴ്സ് കൊല്ലം, റാപ്ടേഴ്സ് കിംഗ്ഡം ഓഫ് കൊച്ചിൻ, കോബ്ര ക്വീൻസ് കോട്ടയം എന്നീ ആറ് ഫ്രാഞ്ചൈസികളാണ് ഓരോ ഐക്കൺ പ്ലയർ ഉൾപ്പെടെ ടീമിനാവശ്യമായ കളിക്കാരെ തിരഞ്ഞെടുത്തത്. മെയ് 20 മുതൽ 22 വരെ നടക്കുന്ന മത്സരങ്ങളുടെയും തത്സമയ സംപ്രേക്ഷണം കേരള ഒളിമ്പിക് അസോസിയേഷന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ കേരള ഒളിമ്പിക്കിൽ ഉണ്ടായിരിക്കും.