സ്പോർട്സ് ക്വോട്ട നിയമനത്തിൽ കോമൺവെൽത്ത് ഗെയിംസിനെ ഒഴിവാക്കിയതിൽ പരാതി
സംസ്ഥാന സർക്കാരിന്റെ സ്പോർട്സ് ക്വാട്ട നിയമനങ്ങളിൽ പരിഗണിക്കാനുള്ള കായിക നേട്ടങ്ങളിൽ നന്ന് കോമൺവെൽത്ത് ഗെയിംസിനെ ഒഴിവാക്കിയതിൽ കായിക താരങ്ങൾക്ക് പരാതി. കഴിഞ്ഞ ദിവസം 46 ഒഴിവുകളിലേക്ക് പ്രസിദ്ധീകരിച്ച സർക്കാർ വിഞ്ജാപനത്തിൽ മുൻഗണന പട്ടികയിൽ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ് എന്നിവയാണുള്ളത്. മുമ്പ് കോമൺവെൽത്ത് ഗെയിസിലെ മെഡൽ ജേതാക്കളെയും സർക്കാർ ജോലിക്കായി പരിഗണിച്ചിരുന്നു.
2030ൽ അഹമ്മദാബാദിൽ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ കോമൺവെൽത്ത് ഗെയിംസിനെ സർക്കാർ നിയമനങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്ന് കായികരംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. ഒളിമ്പിക്സിന് ശേഷം ഇന്ത്യൻ കായിക താരങ്ങൾക്ക് പല ഇനങ്ങളിലും കടുത്ത മത്സരമുള്ളത് കോമൺവെൽത്ത് ഗെയിംസിലാണ്. ആഗോള തലത്തിൽ അത്‌ലറ്റിക്സ് ഉൾപ്പടെയുള്ള ഇനങ്ങളിൽ ഏഷ്യൻ ഗെയിംസ് മെഡലിനേക്കാൾ മൂല്യം കൽപ്പിക്കപ്പെടുന്നതും കോമൺവെൽത്ത് ഗെയിംസിനാണ്.
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ജി.വി രാജ അവാർഡ് ഇക്കുറി ലഭിച്ചത് കോമൺ വെൽത്ത് ഗെയിംസ് ഇവന്റിലെ താരത്തിനാണ്. എന്നാൽ പുതിയ ഗസറ്റഡ് വിജാപന പ്രകാരം ആ അവാർഡ് ജേതാവിന് പോലും സർക്കാർ ജോലിക്കുള്ള 46ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ കഴിയില്ലെന്ന് കെ.പി.സി.സി കായികവേദി പ്രസിഡന്റ് നജുമുദ്ദീൻ ചൂണ്ടിക്കാട്ടി. വിഷയം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് കായിക താരങ്ങൾ.