സൂപ്പർ ലീഗ് കേരളയുടെ 'കേരള ഫുട്ബാൾ മിഷൻ 2035

കേരള ഫുട്ബാളിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന സൂപ്പർ ലീഗ് കേരളയുടെ ‘കേരള ഫുട്ബാൾ മിഷൻ 2035″കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് ഇക്കോണമി വളരുന്നതിലൂടെ കായിക മേഖലയ്ക്ക് സ്വയം പര്യാപ്തത കൈവരിക്കാനാകുമെന്നും കേരളത്തെ ഗ്ലോബൽ സ്പോർട്സ് ഹബ്ബാക്കി മാറ്റാൻ കേരള ഫുട്ബാൾ മിഷൻ 2035ന് കഴിയുമെന്നും മന്ത്രി പറഞ്ഞു.ഭാവിയിൽ കായിക മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികൾ നിശ്ചയിക്കുന്നതിനായി കായിക വകുപ്പിന് കീഴിൽ പ്ലാനിംഗ് ആൻഡ് റിസർച്ച് വിംഗ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

കായിക രംഗത്തെ വികസനത്തിനായി കഴിഞ്ഞ 10 വർഷത്തിനിടെ 4000 കോടി രൂപ ചെലവഴിച്ചതായി മന്ത്രി പറഞ്ഞു. കായിക രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ദേശീയതലത്തിൽ ഏറ്റവും അധികം പണം ചെലവഴിച്ചത് കേരളമാണ് . സംസ്ഥാനത്തൊട്ടാകെ വലുതും ചെറുതുമായി 400 ഓളം കളിക്കളങ്ങൾ പുതുതായി നിർമ്മിച്ചു. 2016 ൽ രണ്ട് ട്രാക്കുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 24 ട്രാക്കുകളുണ്ട്. ആറ് ട്രാക്കുകളുടെ നിർമ്മാണം പുരോഗമിക്കുന്നു . 102 സ്കൂളുകളിൽ സ്റ്റേഡിയങ്ങളും കളിക്കളങ്ങളും ഒരുക്കി.  

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ,പി.കെ. ബഷീർ എംഎൽഎ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, വൈസ് പ്രസിഡൻ്റ് എം.ആർ. രഞ്ജിത്ത്, കായിക വകുപ്പ് ഡയറക്ടർ പി.വിഷ്ണു രാജ്,കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ,കേരള ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ഷാജി സി കുര്യൻ, സൂപ്പർ ലീഗ് കേരള ഡയറക്ടർ മാത്യു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.