കെ.സി.എയ്ക്ക് പുതിയ നേതൃത്വം
കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റായി അഡ്വ. ശ്രീജിത്ത് വി. നായരെ തിരഞ്ഞെടുത്തു. സംഘടനയുടെ മുൻ ട്രഷററും സെക്രട്ടറിയുമാണ് ആലപ്പുഴ സ്വദേശിയായ ശ്രീജിത്ത്.നിലവിലെ സെക്രട്ടറി വിനോദ് എസ്. കുമാറും, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും തൽസ്ഥാനങ്ങളിൽ തുടരും. അപെക്സ് കൗൺസിൽ അംഗമായിരുന്ന സതീശൻ കെ. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി. അജിത് കുമാർ ആണ് പുതിയ ട്രഷറർ. അപെക്സ് കൗൺസിലിലേക്കുള്ള ജനറൽ ബോഡി പ്രതിനിധിയായി കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് നൗഫൽ ടി. ചുമതലയേൽക്കും. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്.