കേരള യൂണി. അത്‌ലറ്റിക്സ് : എൽ.എൻ.സി.പി.ഇ ഓവറാൾ ചാമ്പ്യൻസ്
കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്ററിൽ ഓവറാൾ ചാമ്പ്യന്മാരായി കാര്യവട്ടം എൽ.എൻ.സി.പി.ഇ. മൂന്നുദിവസമായി നടന്ന മീറ്റിൽ 169 പോയിന്റ് നേടിയാണ് എൽ.എൻ.സി.പി.ഇ ജേതാക്കളായത്. 160 പോയിന്റ് നേടിയ കൊല്ലം കരിക്കോട് ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ് റണ്ണേഴ്സ് അപ്പായി. 160 പോയിന്റ് നേടിയ ടി.കെ.എം പുരുഷ വിഭാഗത്തിലെ ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. മീറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ടി.കെ.എം റണ്ണേഴ്സ് അപ്പാകുന്നതും പുരുഷ ചാമ്പ്യന്മാരാകുന്നതും. വനിതാ വിഭാഗത്തിലെ മൂന്നാം സ്ഥാനവും ടി.കെ.എമ്മിന് ലഭിച്ചു. എൽ.എൻ.സി.പി.ഇയാണ് വനിതാ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാർ. അഞ്ചൽ സെന്റ്.ജോൺസ് കോളേജ് വനിതാ വിഭാഗത്തിൽ രണ്ടാമതെത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് ഓവറാൾ പോയിന്റ് നിലയിൽ മൂന്നാമതെത്തിയത്.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മീറ്റിന്റെ അവസാനദിനമായ ഇന്നലെ രണ്ട് മീറ്റ് റെക്കാഡുകൾ കൂടി പിറന്നു.വനിതകളുടെ 200 മീറ്ററിൽ യൂണിവേഴ്സിറ്റി കോളേജിലെ രഹ്ന രഘുവും പുരുഷ 800 മീറ്ററിൽ ഇതേ കോളേജിലെ തന്നെ എസ്. അനന്തനുമാണ് റെക്കാഡുകൾക്ക് ഉടമയായത്. അനന്തനും രഹ്നയും ബെസ്റ്റ് അത്‌ലറ്റുകളായും തിരഞ്ഞെടുക്കപ്പെട്ടു. മീറ്റിൽ ആകെ പിറന്ന റെക്കാഡുകളുടെ എണ്ണം അഞ്ചാണ്.