വി.സുനിൽ കുമാറിന് മഹാത്മജി പുരസ്കാർ

ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ മികച്ച കായിക സംഘാടകനുള്ള മഹാത്മജി പുരസ്കാറിന് കേരള ഒളിമ്പിക് അസോസിയേഷന്റെയും കേരള ഹോക്കിയുടേയും പ്രസിഡന്റായ വി.സുനിൽ കുമാർ അർഹനായി. ദേശീയ കായികരംഗത്ത് ഇദംപ്രഥമായി നടപ്പിലാക്കിയ പദ്ധതികളാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

കേരള ഒളിമ്പിക് അസോസിയേഷനെ സംഘടനാപരമായി ശക്തിപ്പെടുത്തുകയും കായിക വികസനത്തിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത് സുനിൽ കുമാർ പ്രസിഡന്റായി എത്തിയതിന് ശേഷമാണ്. പ്രഥമ കേരള ഗെയിംസ് ഉൾപ്പടെയുള്ള കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കായികതാരങ്ങൾക്ക് കുറഞ്ഞ വിലയിൽ കായിക ഉപകരണങ്ങളും പരിശീലനസാമഗ്രികളും ലഭ്യമാക്കാനുള്ള സൊസൈറ്റിയുള്ള ഏക സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാന അസോസിയേഷനുകളിൽ നിന്ന് വ്യത്യസ്തമായി കായിക മത്സരങ്ങളുടെ സംപ്രേഷണത്തിനായി യൂട്യൂബ് ചാനലും മറ്റ് ഓൺലൈൻ പ്ളാറ്റ്ഫോമുകളും സ്പോർട്സ് മാഗസിനും കേരള ഒളിമ്പിക് അസോസിയേഷൻ നടത്തുന്നുണ്ട്. കൊവിഡ് കാലത്ത് ഓൺലൈനായുള്ള കായിക പരിശീലനത്തിന് മുൻകൈ എടുത്തതും കെ.ഒ.എയാണ്.