പ്രതീക്ഷയുടെ ചക്രങ്ങളിലേറി കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ

മനുഷ്യരാശിയുടെ പരിണാമത്തിൽ ഏറ്റവും പ്രാധാനമ്യേറിയതായിരുന്നു ചക്രങ്ങളുടെ കണ്ടുപിടുത്തം. ചക്രങ്ങളുടെ ചലനങ്ങളെ വരുതിയിൽ നിറുത്തുന്ന കായിക മേഖലയാണ് റോളർ സ്കേറ്റിംഗ്. ചക്രങ്ങളിലേറിയുള്ള ചലനവേഗത്തിന്റേയും മെയ് വഴക്കത്തിന്റേയും കലയാണ് റോളർ സ്കേറ്റിംഗ്. അടുത്തിടെ ചൈനയിൽ നടന്ന ലോക സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം ഈ കായിക ഇനത്തെ വീണ്ടും വാർത്തകളിലെത്തിച്ചു. റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയാണ് രാജ്യത്ത് ഈ കായിക ഇനത്തിന്റെ സംഘടനാശക്തി. റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയും സംസ്ഥാന സ്പോർട്സ് കൗൺസിലും അംഗീകരിച്ചിട്ടുള്ള കേരള റോളർ സ്കേറ്റിംഗ് അസോസിയേഷനാണ് കേരളത്തിലെ ഈ കായിക ഇനത്തിന്റെ ചുമതലക്കാർ. രാജ്യത്തേയും സംസ്ഥാനത്തേയും റോളർ സ്കേറ്റിംഗിലെ നേട്ടങ്ങളെക്കുറിച്ച് അറിയാം.

ലോക സ്കേറ്റിംഗിലെ ഇന്ത്യൻ തിളക്കം

ഈ മാസം ചൈനയിൽ നടന്ന ലോക സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ നേടിയത് നാലുമെഡലുകളാണ്. തമിഴ്നാടുകാരനായ ആനന്ദ്കുമാർ വേൽകുമാറും ഡൽഹിക്കാരൻ കൃഷ് ശർമ്മയും സ്വർണം നേടി. ആനന്ദിന് ഒരു വെങ്കലവും ലഭിച്ചു.ഉത്തർപ്രദേശുകാരനായ അനീഷ് രാജിനും വെങ്കലം ലഭിച്ചു. മലയാളികളായ അനിരുദ്ധനും അബ്നയും ലോക ചാമ്പ്യൻഷിപ്പിൽ മത്സരിച്ചു. നാലാം സ്ഥാനത്തുവരെയെത്താൻ അനുരുദ്ധന് കഴിഞ്ഞു.

കരുത്തോടെ കേരളം

കഴിഞ്ഞ കുറച്ചുകാലങ്ങളായി ദേശീയ തലത്തിൽ മികച്ച പ്രകടനമാണ് കേരളം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ വർഷം നടന്ന വിവിധ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് 70ഓളം മെഡൽ ജേതാക്കളെ സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞു. കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും മലയാളി താരങ്ങൾ പങ്കെടുക്കുകയും മെഡൽ നേടുകയും ചെയ്തിട്ടുണ്ട്. 2019ൽ മലയാളിയായ അഭിജിത്ത് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിരുന്നു.മലയാളിയായ ആകാംക്ഷ സന്തോഷ് ഏഷ്യൻ ലെവലിലും വേൾഡ് ലെവലിലുമുള്ള മത്സരങ്ങളിൽ തിളങ്ങിയിട്ടുണ്ട്.

20000ത്തോളം സ്കേറ്റർമാർ

കേരള റോളർ സ്കേറ്റിംഗ് അസോസിയേഷന്റെ കണക്കനുസരിച്ച് കേരളത്തിൽ ഇരുപതിനായിരത്തിലധികം പേർ റോളർ സ്കേറ്റിംഗ് പരിശീലനം നടത്തുന്നുണ്ട്. വിവിധ സ്കൂളുകളിൽ കായിക പഠനത്തിന്റെ ഭാഗമായാണ് മിക്കകുട്ടികളും സകേറ്റിംഗ് പഠിക്കുന്നത്. ഇതിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾ ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുന്നു. സംസ്ഥാനത്ത് വിവിധ ക്ളബുകളിലായി മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്ത 4900 കുട്ടികളാണുള്ളത്. ഇവരാണ് ദേശീയ മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്

മത്സരങ്ങൾ 12 ഡിസിപ്ളിനുകളിൽ

റോളർ സ്കേറ്ററിംഗിൽ 12 വ്യത്യസ്ത വിഭാഗങ്ങളിലാണ് മത്സരങ്ങൾ ഉള്ളത്. സ്പീഡ്, ആർട്ടിസ്റ്റിക്,റോളർ ഹോക്കി,ഇൻലൈൻ ഹോക്കി,ഇൻലൈൻ ഫ്രീ സ്റ്റൈൽ,റോളർ ഫ്രീ സ്റ്റൈൽ,സ്കേറ്റ് ബോർഡിംഗ്,റോളർ സ്കൂട്ടർ,റോളർ ഡർബി, ഇൻലൈൻ ആൽപ്പൈൻ,ഇൻലൈൻ ഡൗൺഹിൽ,സ്കേറ്റ് ക്രോസ് എന്നിങ്ങനെയാണ് ഡിസിപ്ളിനുകൾ. സ്പീഡ് ഇനത്തിലാണ് ഈ വർഷം ആനന്ദ് കുമാർ ലോക ചാമ്പ്യനായത്. 2019ൽ അഭിജിത്ത് ആർട്ടിസ്റ്റിക് ഇനത്തിലാണ് മെഡൽ നേടിയത്.

ട്രാക്കുകൾ ഒരുക്കി അസോസിയേഷൻ

റോളർ സ്കേറ്റിംഗിലേക്ക് കടന്നുവരുന്ന യുവ മുകുളങ്ങൾക്ക് പരിശീലിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റേയും മികച്ച പരിശീലകരെ സജ്ജമാക്കുന്നതിലും കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ ശ്രദ്ധ പുലർത്തുന്നു. സംസ്ഥാനത്ത് നിരവധി സ്കൂളുകളിലും ട്രാക്കുകളിലും അസോസിയേഷന്റെ പരിശീലകർ കുട്ടികൾക്ക് കോച്ചിംഗ് നൽകുന്നു. മത്സരങ്ങളുടെ നടത്തിപ്പിന് ആവശ്യമായ ടെക്നിക്കൽ സപ്പോർട്ട് നൽകുന്നതും അസോസിയേഷനാണ്.

വരുന്നു പുതിയ സ്കേറ്റിംഗ് വേദികൾ

റോളർ സ്കേറ്ററിംഗിന് സംസ്ഥാനത്ത് പുതിയ മത്സരവേദികൾ സജ്ജമാക്കുന്നതിനുള്ള കേരള റോളർ സ്കേറ്റിംഗ് അസോസിയേഷന്റെ ശ്രമഫലമായി എറണാകുളം അസീസി വിദ്യാനികേതൻ സ്കൂളിൽ നിർമ്മിച്ച പുതിയ റോളർ ഹോക്കി കോർട്ടിന്റെ ഉദ്ഘാടനം ഒക്ടോബർ 10ന് നിശ്ചയിച്ചിരിക്കുകയാണ്. തൃശൂർ മാള ഹോളിഗ്രേസ് അക്കാഡമിയിലെ ട്രാക്കിന്റെ നിർമ്മാണവും ഏറെക്കുറെ പൂർത്തിയായി വരികയാണ്. പാലക്കാട് കണ്ണാടിയിൽ ടൈസ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാക്ക് വിത്ത് ഹോക്കി സർക്യൂട്ട് നിർമ്മാണം നടക്കുന്നു. പെരുമ്പാവൂരിലും തിരുവനന്തപുരം പ്രാവച്ചമ്പലത്തും പുതിയ ട്രാക്കുകൾ വരുന്നു. ഇത്തരം പുതിയ അടിസ്ഥാന സറകര്യങ്ങളുടെ വരവോടെ കൂടുതൽ കുട്ടികൾ സകേറ്റിംഗിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് കേരള റോളർ സ്കേറ്റിംഗ് അസോസിയേഷൻ.

സംസ്ഥാനതല മത്സരങ്ങൾ ഒക്ടോബറിൽ തുടങ്ങും

ഈ വർഷത്തെ സംസ്ഥാന തല സ്കേറ്റിംഗ് മത്സരങ്ങൾ ഒക്ടോബർ മാസം തുടങ്ങുകയാണ്. ഒക്ടോബർ 10 മുതൽ 14 വരെ കാക്കനാട് ചെമ്പുമുക്ക് അസീസി വിദ്യാനികേതൻ സ്കൂളിലെ പുതിയ കോർട്ടിലാണ് റോളർ ഹോക്കി മത്സരങ്ങൾ അരങ്ങേറുന്നത്. ഇൻലൈൻ ഫ്രീസ്റ്റൈൽ സ്കേറ്റിംഗ് മത്സരങ്ങൾ ഒക്ടോബർ 10 നും ആർട്ടിസ്റ്റിക് സ്കേറ്റിംഗ് മത്സരങ്ങൾ 11,12 തീയതികളിലും  മാള ഹോളിഗ്രേസ് അക്കാഡമിയിൽ നടക്കും. ഒക്ടോബർ 18നും 19നും കോവളത്താണ്  സ്കേറ്റ് ബോർഡിംഗ്, സ്കൂട്ടർ ആൻഡ് റോളർ ഫ്രീസ്റ്റൈൽ മത്സരങ്ങൾ. ആൽപ്പൈൻ,ഡൗൺഹിൽ മത്സരങ്ങൾ ഒക്ടോബർ 25നും 26നും കോഴിക്കോട്ടും സ്പീഡ് സ്കേറ്റിംഗ് നവംബർ 6 മുതൽ 10വരെ പെരുമ്പാവൂരിലും നടക്കും.
ഇവർ സാരഥികൾ
കെ.എം അനിൽകുമാറാണ് കേരള റോളർ സ്കേറ്റിംഗ് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റ് .  അനുരാജ്   പൈങ്കാവിൽ സെക്രട്ടറിയും ജിഷ തങ്കച്ചൻ ട്രഷററുമാണ്. ബി.വി.എൻ റെഡ്ഡി സീനിയർ വൈസ് പ്രസിഡന്റ്.കേരള റോളർ സ്കേറ്റിംഗ് അസോസിയേഷന്റെ ഫൗണ്ടർ മെമ്പറും മുൻ സംസ്ഥാന സെക്രട്ടറിയുമായ പ്രേം സെബാസ്റ്റ്യൻ  റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും സ്പീഡ് ടെക്നിക്കൽ കമ്മറ്റി ചെയർമാനുമാണ്. 

km anilkumar president
Anuraj Paingavil R, Secretary
jisha thankachan treasurer
bvn reddy seniorr vice president
Prem Sebastian, former secretary & founder member krsa & wise president & speed technical committee chairman, Roller skating federation of India