basil new

ദുലീപ് ട്രോഫി : കേരളത്തിൽ നിന്ന് അഞ്ചുപേർ സൗത്ത് സോൺ ടീമിൽ

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മത്സരിക്കുന്ന ദക്ഷിണ മേഖല ടീമിലേക്ക് അഞ്ച് മലയാളി താരങ്ങളെ തിരഞ്ഞെടുത്തു. ഇന്ത്യൻ താരം തിലക് വ‍ർമ്മ നയിക്കുന്ന ദക്ഷിണാമേഖലാ ടീമിന്റെ വൈസ് ക്യാപ്ടനായി കേരള താരം മുഹമ്മദ് അസറുദ്ദീനെയാണ് നിശ്ചയിച്ചിരിക്കുന്നത്. സൽമാൻ നിസാ‍ർ, ബേസിൽ എൻ.പി, എം.ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം എന്നിവരാണ് മറ്റ് മലയാളികൾ. ഏദൻ റിസർവ് താരമാണ്.

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം ആദ്യമായി ഫൈനലിൽ കടന്ന കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വച്ചവരാണ് ഇവരെല്ലാം. അസറുദ്ദീൻ കഴിഞ്ഞ സീസണിൽ ഒരു സെഞ്ച്വറിയടക്കം 635 റൺസ് നേടിയിരുന്നു. സെമിയിൽ ഗുജറാത്തിനെതിരെ 177 റൺസടിച്ചതാണ് മികച്ച പ്രകടനം. രണ്ട് സെഞ്ച്വറിയടക്കം 628 റൺസ് സൽമാൻ നിസാ‍ർ നേടിയത്. നിധീഷ് എം.ഡി 27 വിക്കറ്റും ബേസിൽ അഞ്ച് മത്സരത്തിൽ നിന്ന് 16 വിക്കറ്റും നേടിയിരുന്നു.

ഓഗസ്റ്റ് 28നാണ് ദുലീപ് ട്രോഫി മത്സരങ്ങൾ തുടങ്ങുന്നതെങ്കിലും സെപ്തംബ‍ർ നാലിനാണ് ദക്ഷിണ മേഖലയുടെ ആദ്യ മത്സരം. ആറ് മേഖലാ ടീമുകൾ അണിനിരക്കുന്ന പഴയ ഫോ‍ർമാറ്റിലാണ് ഇത്തവണത്തെ മത്സരങ്ങൾ. മുൻ ഇന്ത്യൻ താരം ലക്ഷമിപതി ബാലാജിയാണ് ദക്ഷിണ മേഖല ടീമിന്റെ പരിശീലകൻ.

ദുലീപ് ട്രോഫി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മലയാളി താരങ്ങൾ അടുത്തമാസം തുടങ്ങുന്ന കെ.സി.എല്ലിൽ വിവിധ ടീമുകളുടെ ഭാഗമാണ്. സെപ്തംബർ ആറുവരെയാണ് കെ.സി.എൽ. അതിനാൽ ഈ താരങ്ങൾക്ക് കെ.സി.എല്ലിന്റെ അവസാനഘട്ടത്തിൽ കളിക്കാനാവില്ല. കഴിഞ്ഞ ദുലീപ് ട്രോഫിയിൽ അതിവേഗ സെഞ്ച്വറിയുടെ റെക്കാഡ് കുറിച്ച സഞ്ജുവിനെ ഇക്കുറി ദക്ഷിണമേഖലാ ടീമിലേക്ക് പരിഗണിച്ചില്ല.