സബ് ‌ജൂനിയർ ഹോക്കി : സായ് കൊല്ലം ജേതാക്കൾ

കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന പത്താമത് കേരള ഹോക്കി സബ് ജൂനിയർ മെൻ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ സായ് കൊല്ലത്തിന് കിരീടം.

ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ജിവി രാജയെ 7-2 എന്ന സ്കോറിന് തോല്പിച്ചാണ് സായ് ടീം കിരീടം നേടിയത് . ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സായ് കാെല്ലം ജി.വി രാജയുടെ ശക്തമായ പ്രതിരോധത്തെ അനായസേന തരണം ചെയ്തതോടെ മത്സരം ഏകപക്ഷീയമായി.

നേരത്തെ നടന്ന ലൂസേഴ്‌സ് ഫൈനലിൽ എറണാകുളം മലപ്പുറത്തെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഫൈനലിൽ സായ് കൊല്ലം മലപ്പുറത്തെയും ജി വി രാജാ എറണാകുളത്തേയും പരാജയപ്പെടുത്തിയിരുന്നു.

ജി വി രാജയുടെ വിഷ്ണു പ്രവീൺ മികച്ച ഗോൾ കീപ്പറായും സായ് കൊല്ലത്തിൻറെ രോഹിത് ബസ്‌ല മികച്ച പ്രതിരോധ താരമായും തിരഞ്ഞെടുക്കപ്പെട്ടു . മികച്ച മധ്യ നിര താരമായി ആദിത്യൻ ആദിത്യൻ കെ എസ്സും (ജി.വി രാജ) ഭാവിയുടെ താരമായി തിരുവനന്തപുരത്തിന്റെ നിഥിനും തിരഞ്ഞെടുക്കപെട്ടു . മികച്ച മുന്നേറ്റ നിരക്കാരനുള്ള പുരസ്കാരം ജി.വി രാജയുടെ നദീം കെ.എൻ നേടി. വിജയികൾക്കുള്ള പുരസ്കാരം കേരള ഹോക്കി ജനറൽ സെക്രട്ടറി സി.ടി സോജി മറ്റു കേരള ഹോക്കി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു .