ദേശീയ ജൂനിയർ നീന്തൽ : തിളക്കമോടെ കേരളം

അഹമ്മദാബാദ് വേദിയായ ദേശീയ ജൂനിയർ   അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി കേരളം. ഒരു സ്വർണം ഉൾപ്പെടെ ആകെ 16 മെഡലുകൾ കേരള താരങ്ങൾ സ്വന്തമാക്കി (1 സ്വർണം, 8 വെള്ളി, 7 വെങ്കലം). നാല് ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ മെഡലുകൾ നഷ്ടപ്പെട്ടു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ദേശീയ ജൂനിയർ നീന്തലിൽ കേരളം മികച്ച പ്രകടനമാണ് നടത്തിയത്.

ശ്രേയ ബിനിലാണ് കേരളത്തിനായി സ്വർണം നേടിയത്.   50 മീറ്റർ ബാക് സ്ട്രോക്കിലായിരുന്നു ശ്രേയയുടെ സ്വർണം. 200 മീറ്റർ ഫ്രീസ്റ്റൈലിൽ ക്രിസ്റ്റ്യൻ സോജൻ വ്യക്തഗത വെങ്കലം നേടി. ക്രിസ്റ്റ്യൻ സോജൻ, ഹന്ന എലിസബത്ത് സിയോ,ഇന്ദ്രാണി എം.മേനോൻ,മാളവിക രഞ്ജിത്ത് എന്നിവരടങ്ങിയ ടീം 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ വെള്ളി നേടി. ആൺകുട്ടികളുടെ 50 മീറ്റർ ബാക് സ്ട്രോക്കിൽ ജോസ് നിജോയ്ക്ക് വെങ്കലം ലഭിച്ചു.രണ്ടാം ദിനം പെൺ കുട്ടികളുടെ 800 മീറ്റർ ഫ്രീസ്റ്റൈൽ ഗ്രൂപ്പ്‌ 2 മത്സരത്തിൽ ഹന്ന എലിസമ്പത്ത് സീയോ വെള്ളിനേടി. പെൺകുട്ടികളുടെ 100മീറ്റർ ഗ്രൂപ്പ്‌ 2 മത്സരത്തിൽ അളകനന്ദരാജുവും 100 ബാക്ക് സ്ട്രോക്ക് ഗ്രൂപ്പ്‌ 2 മത്സരത്തിൽ ശ്രേയ ബിനിലും വെങ്കലം നേടി.

 മൂന്നാം ദിവസം  പെൺകുട്ടികളുടെ ഗ്രൂപ്പ്‌ 2 റിലേയിൽ ക്രിസ്റ്റീന സോജൻ, അളകനന്ദരാജു, ശ്രേയ ബിനിൽ, മാളവിക രഞ്ജിത്ത് എന്നിവരടങ്ങിയ കേരള ടീം വെള്ളി നേടി.പെൺകുട്ടികളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് ഗ്രൂപ്പ്‌ 2വിൽ അളകനന്ദ രാജുവിന് വ്യക്തിഗത വെള്ളി ലഭിച്ചു. ഗ്രൂപ്പ്‌ 2 400മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിൽ ഹന്ന എലിസബത്തും 50 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിൽ ക്രിസ്റ്റീന സോജനും വെങ്കലം നേടി.ഹന്ന എലിസബത്ത് സിയോയ്ക്ക് പെൺകുട്ടികളുടെ 1500 മീറ്റർ ഗ്രൂപ്പ്‌ 2 ഫ്രീസ്റ്റൈൽ ഇനത്തിൽ നേരിയ വ്യത്യാസത്തിലാണ് സ്വർണം നഷ്‌ടമായത് .

     അവസാന ദിനത്തിൽ കേരളത്തിന്റെ അക്കൗണ്ടിൽ നാല് മെഡൽ കൂടിയെത്തി. പെൺകുട്ടികളുടെ ഗ്രൂപ്പ്‌ 2 വിഭാഗം 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ അളകനന്ദരാജു വെള്ളിയും ആൺകുട്ടികളുടെ ഗ്രൂപ്പ്‌ 2 വിഭാഗം 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ അഭിജിത്. പി. പി,ആൺകുട്ടികളുടെ ഗ്രൂപ്പ്‌ 2 വിഭാഗം 50മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ ആരോഷ്. എസ് ,പെൺകുട്ടികളുടെ ഗ്രൂപ്പ്‌ 2 വിഭാഗത്തിൽ 100 മീറ്റർ ഫ്രീസ്റ്റൈലിൽ ക്രിസ്റ്റീന സോജൻ എന്നിവർ വെങ്കലങ്ങൾ നേടി.