കേരള പ്രീമിയർ ലീഗ് ഖോ-ഖോ കിരീടം തൃശൂർ കൊമ്പൻസിന്

കേരള ഖോ-ഖോ അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ കേരള പ്രീമിയർ ലീഗ് ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ  തൃശ്ശൂർ കൊമ്പൻസ് 35-29ന് കിംഗ്സ് പാലക്കാടിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി തൃശൂർ കൊമ്പൻസിന്റെ ഷിബിനും ,മികച്ച ഡിഫെൻഡറായി കിംഗ്സ് പാലക്കാടിന്റെ സിബിനും, മികച്ച ചെയ്സ്റായി തൃശൂർ കൊമ്പൻസിന്റെ ദേവനാരായണനും തെരഞ്ഞെടുക്കപ്പെട്ടു.

     സംസ്ഥാനത്തു നിന്നുള്ള അന്തർദേശീയ ദേശീയ, സംസ്ഥാന താരങ്ങൾ ആറ് ടീമുകളിലായി മത്സരിച്ചു. പ്രാഥമിക റൗണ്ടിൽ എ ,ബി പൂളുകൾ തിരിച്ച് ലീഗ് അടിസ്ഥാനത്തിലും തുടർന്ന് ഓരോ പൂളിൽ നിന്നും ഒന്നും രണ്ടും സ്ഥാനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് സെമി ഫൈനൽ മുതലുള്ള മത്സരങ്ങൾ നോക്കൗട്ട്  രീതിയിലും ആണ് നടത്തിയത്. ആറ്റിങ്ങൽ ശ്രീ പാദം സ്റ്റേഡിയത്തിൽ ഇൻഡോർ ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിൽ നടന്ന പ്രീമിയർ ലീഗ് ഖോ ഖോ ചാമ്പ്യൻഷിപ്പ് ആറ്റിങ്ങൽ എം.എൽ.എ. ഒ എസ് .അംബിക ഉദ്ഘാടനം ചെയ്തു ആറ്റിങ്ങൽ നഗരസഭ ചെയർപേർസൺ അഡ്വക്കേറ്റ് എസ് കുമാരി, വൈസ് ചെയർമാൻ ജി തുളസിധരൻ പിള്ള ചാമ്പ്യൻഷിപ്പിന്റെ സി.ഇ.ഒ ജി.വി പിള്ള സംസ്ഥാന ഖോ ഖോ അസോസിയേഷൻ ജനറൽ സെക്രട്ടറി ജി രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

 ട്രാവൻകൂർ വാരിയേഴ്സ് ,വൈസ് വാസിർ കൊച്ചിൻ ,തൃശ്ശൂർ കൊമ്പൻസ്, റാപ്റ്റേഴ്സ് മലപ്പുറം, കിംഗ്സ് പാലക്കാട് എന്നീ ടീമുകൾ പങ്കെടുത്തു.   തൃശൂർ കൊമ്പൻസ്, വൈസ് വാസിർ കൊച്ചിൻ,റാപ്റ്റേഴ്സ് മലപ്പുറം, കിംഗ്സ് പാലക്കാട് എന്നീ ടീമുകൾ സെമിഫൈനലിലെത്തി. സെമിഫൈനലിൽ   കൊമ്പൻസ് 35- 29ന് വൈസ് വാസിർ കൊച്ചിനെയും കിംഗ്സ് പാലക്കാട് 35- 29ന് മലപ്പുറത്തിനെയും പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. ലൂസേഴ്സ് ഫൈനലിൽ റാപ്റ്റേഴ്സ് മലപ്പുറം 28-26ന് വൈസ് വാസിർ കൊച്ചിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം നേടി . 

   കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് വി.സുനിൽകുമാർ സമ്മാനദാനം നിർവഹിച്ചു. വരും വർഷങ്ങളിലും  പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ്പ് നടത്തുമെന്ന് സി.ഇ.ഓ ജി.വി പിള്ള അറിയിച്ചു.