ദേശീയ ജിംനാസ്റ്റിക്സിൽ കേരളത്തിന്റെ മെഡൽവേട്ട
സൂറത്തിൽ നടന്ന ദേശീയ ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ മെഡൽവേട്ട. മൂന്ന് സ്വർണവും നാല് വെള്ളിയും ഏട്ട് വെങ്കലവുമായി 15 മെഡലുകളാണ് കേരളം നേടിയത്. സീനിയർ വനിതകളുടെ ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിൽ അമാനി ദിൽഷാദ് വെള്ളി നേടി. സീനിയർ പുരുഷന്മാരുടെ ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിൽ സ്റ്റിൽ റിംഗ്സ് വിഭാഗത്തിൽ സ്വാതിഷ് കെ.പി. വെങ്കലം നേടി.
സീനിയർ പുരുഷ പൊമ്മൽ ഹോഴ്സിൽ ഹരികൃഷ്ണൻ ജെ.എസ്. സ്വർണംവും ദേശീയ ഗെയിംസ് യോഗ്യതയും സ്വന്തമാക്കി. ജൂനിയർ പൊമ്മൽ ഹോഴ്സിൽ മിഥുൻ വി നായർ സ്വർണം കരസ്ഥമാക്കി. 12.267 പോയിന്റ് നേടിയാണ് സ്വർണനേട്ടം. സബ് ജൂനിയർ ആൺകുട്ടികളുടെ പൊമ്മൽ ഹോഴ്സിൽ ശ്രീരാഗ് വെള്ളി നേടി. ശ്രീരാഗിന്റെ ആദ്യ ദേശീയ മെഡലാണിത്.
സബ്ജൂനിയർ ആൺകുട്ടികളുടെ ട്രാംപോളിൻ വിഭാഗത്തിൽ ധ്രുവ് .എയും ജൂനിയർ പെൺകുട്ടികളുടെ ട്രാംപോളിൻ വിഭാഗത്തിൽ രാജലക്ഷ്മിയും വെങ്കലം നേടി. സീനിയർ വനിതകളുടെ ട്രാംപോളിൻ വിഭാഗത്തിൽ അൻവിതാ സച്ചിനും പുരുഷ വിഭാഗത്തിൽ മനുമുരളിയും വെള്ളി നേടി. സീനിയർ ട്രാംപോളിൻ ടീം ഇനത്തിൽ കേരളം വെങ്കലം നേടി. അനിൽ രാജേന്ദ്രൻ ടി.ആർ, സൂരജ് എ.എൻ, യഥുരാജ്, മനുമുരളി എന്നിവരുൾപ്പെടുന്നതാണ് ടീം. ദേശീയ ഗെയിംസിന് ടീം യോഗ്യത കരസ്ഥമാക്കി.
സീനിയർ പുരുഷ ടംമ്പിളിംഗിൽ മുഹമ്മദ് നിബ്രാസ് ഹക്ക് സ്വർണം നേടി. ദേശീയ ഗെയിംസിനും യോഗ്യത നേടി. സീനിയർ അക്രോബാറ്റിക്സ് ജിംനാസ്റ്റിക്സ് വനിതാ ബാലൻസ് ഇനത്തിലും ഡൈനാമിക്ക് ഇനത്തിലും ലക്ഷ്മി ബി നായർ- പൗർണമി ഹരിഷ് കുമാർ സഖ്യം വെങ്കലം നേടി. സീനിയർ അക്രോബാറ്റിക്സ് പുരുഷ ഗ്രൂപ്പ് ഇനത്തിൽ മുഹമ്മദ് അജ്മൽ.കെ, മുഹമ്മദ് സഫ്വാൻ പി.കെ, സ്വാതിക് എം.പി, ഷിറിൽ റുമാൻ പി.എസ് സഖ്യം വെങ്കലം സ്വന്തമാക്കി. സീനിയർ മിക്സഡ് പെയർ വിഭാഗത്തിൽ പാർവതി ബി നായർ, ഫസൽ ഇംതിയാസ് സംഖ്യം വെങ്കലം നേടി.

















