സംസ്ഥാന ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പ്; തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാര്‍

59-ാമത് സംസ്ഥാന സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. ആര്‍ട്ടിസ്റ്റിക്സ്, റിഥമിക്, ട്രാംപോളിന്‍, ടാമ്പ്‌ളിംഗ്, അക്രോബാറ്റിക്സ് ഇനങ്ങളില്‍ നിന്ന് 47 സ്വര്‍ണവും 48 വെള്ളിയും 38 വെങ്കലവുമായി 826 പോയിന്റ് നേടിയാണ് തിരുവനന്തപുരത്തിന്റെ കിരീട നേട്ടം. 17 സ്വര്‍ണവും 11 വെള്ളിയും 6 വെങ്കലവും സ്വന്തമാക്കി 243 പോയിന്റ് നേടിയ കണ്ണൂര്‍ ജില്ല രണ്ടാമതെത്തി. 162 പോയിന്റ് നേടിയ എറണാകുളമാണ് മൂന്നാമത്.
തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ സമാപനച്ചടങ്ങില്‍ കേരള ജിംനാസ്റ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യു.തിലകന്‍, സെക്രട്ടറി ജിത്തു വി.എസ്, ട്രഷറര്‍ കെഅശോകന്‍, വൈസ് പ്രസിഡന്റ് വി ജയകുമാര്‍, ജോ. സെക്രട്ടറി ഡോ. പ്രവീണ്‍ കുമാര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ കെ. രാജേന്ദ്രന്‍, സതീശന്‍, സായ് ഹൈ പെര്‍ഫോമന്‍സ് മാനേജര്‍ ജിമ്മി അന്‍ജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ത്രസിപ്പിക്കുന്ന പ്രകടനങ്ങൾക്കും സമാനതകളില്ലാത്ത പ്രതിഭകൾക്കും വേദിയൊരുക്കി 2024-25 വർഷത്തെ 59-ാമത് ഓൾ കേരള ജിംനാസ്റ്റിക്സ് സംസ്ഥാന ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് വി.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.