തിരുവനന്തപുരം: 77-ാമത് ദേശീയ അക്വാട്ടിക് വാട്ടർപോളോ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം കിരീടം കേരളത്തിന്. സൂപ്പർ ലീഗ് ഫൈനലിൽ കേരളം കരുത്തരായ ബംഗാളിനെ തോൽപ്പിച്ചു. ആറിനെതിരെ പതിനാല് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. കേരളത്തിന്റെ കൃപയാണ് മത്സരത്തിലെ താരം. എല്ലാം മത്സരങ്ങളും വിജയിച്ച് തോല്‍വി അറിയാതെയാണ് കേരളത്തിന്റെ കിരീടനേട്ടം. പുരുഷ വിഭാഗത്തിൽ സർവീസസിനാണ് കിരീടം.റെയിൽവേസിനെതിരെ എട്ടിനെതിരെ 12 ഗോളുകൾക്കായിരുന്നു സർവീസസിന്റെ ജയം. സർവീസസില്‍ എട്ടും റെയിൽവേസിൽ അഞ്ചും മലയാളി താരങ്ങളുണ്ട്.
ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങ് വിദ്യാഭാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മത്സരത്തിലെ വിജയികൾക്ക് ട്രോഫിയും സമ്മാനിച്ചു. കേരള സ്പോർട്സ് & യൂത്ത് അഫേഴ്സ് ഡയറക്ടർ വിഷ്ണു രാജ് ഐ.എ.എസ്, സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി മൊനാൽ ചോക്സി, മുൻ കായിക മന്ത്രി എം. വിജയകുമാർ, സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ടെക്നിക്കൽ കമ്മിറ്റി ചെയർമാനും കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറലുമായ എസ്. രാജീവ്, കേരള അക്വാട്ടിക് അസോസിയേഷന് സെക്രട്ടറി മുരളീധരൻ, ജോ.സെക്രട്ടറി ജി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.