ഖേലോ ഇന്ത്യ യൂണി. ബാസ്ക്കറ്റ്ബാൾ : എം.ജിക്ക് വനിതാ കിരീടം

രാജസ്ഥാനിൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വനിതാ ബാസ്ക്കറ്റ്ബാളിൽ മഹാത്മാഗാന്ധി സർവകലാശാല ജേതാക്കളായി. ഫൈനലിൽ ചെന്നൈയിലെ എസ്.ആർ.എം സർവകലാശാലയെ 74-60 നാണ് എം.ജി പരാജയപ്പെടുത്തിയത്. എം.ജിയുടെ അക്ഷയ ഫിലിപ്പ് 17 പോയിന്റുമായി ടോപ്പ് സ്കോററായി. ഐറിൻ എൽസ ജോൺ 14 പോയിന്റും കൃഷ്ണപ്രിയ എസ്.എസ് 13 പോയിന്റും നേടി മികച്ച പ്രകടനം കാഴ്ചവച്ചു.

ഇന്റർ യൂണി. ബാസ്‌കറ്റ്‌ ബാൾ: എം.ജി വനിതാ ചാമ്പ്യൻസ്

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിൽനടന്ന ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി 3×3 ബാസ്‌കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ വിഭാഗത്തിൽ എം.ജി സർവകലാശാല ചാമ്പ്യന്മാരായി. ഫൈനലിൽ ചെന്നൈ എസ്.ആർ.എം സർവകലാശാലയെ 21-4 ന് തോല്‍പ്പിച്ചു. മദ്രാസ് സർവകലാശാലയെ 21-8 ന് പരാജയപ്പെടുത്തി കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനം നേടി. എം.ജിയുടെ അക്ഷയ ഫിലിപ്പ് മികച്ച വനിതാ താരമായി.

സൗത്ത് സോൺ ഫുട്‌ബാൾ; എം.ജി ചാമ്പ്യന്മാർ

സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലയെ പരാജയപ്പെടുത്തി എംജി സർവകലാശാല ചാമ്പ്യന്മാരായി. ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ ഇരുടീമുകളും രണ്ടു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ തുല്യരായിരുന്നു. ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന അവസാന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ആതിഥേയരായ കാലിക്കറ്റിനെ എം.ജി പരാജയപ്പെടുത്തിയത്.