Aims & Objective

Aims & Objective

നമ്മുടെ സംസ്ഥാനം വികസിത രാജ്യങ്ങള്‍ക്കു സമാനമായ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ജീവിതശൈലിയിലെ അപാകതകള്‍ മൂലം മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അടിമപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായി എന്നത് നമ്മുടെ സംസ്ഥാനം വികസിത രാജ്യങ്ങള്‍ക്കു സമാനമായ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ജീവിതശൈലിയിലെ അപാകതകള്‍ മൂലം മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അടിമപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായി എന്നത് കാലിക യാഥാര്‍ഥ്യമാണ്. രോഗാതുരമായ ഒരു ശരീരം എല്ലാ ക്ഷമതകളെയും തളര്‍ത്തുന്നതായി കാണാം. എന്നാല്‍ കായിക – ശാരീരിക ക്ഷമത കൈവരിക്കുന്നതിലൂടെ രോഗങ്ങളില്‍ നിന്നും ശാശ്വത മോചനം സാധ്യമാകുന്നു. ഇന്ന് ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഒരു സ്ഥിതിവിശേഷമുണ്ട്. ഇതിനു പ്രധാന കാരണമായി കണക്കാക്കുന്നത് ദൈനംദിന ജീവിതത്തില്‍ വ്യായാമത്തിന്റെ കുറവ് തന്നെയാണ്. നമ്മുടെ സമൂഹത്തില്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജനവിഭാഗങ്ങള്‍ ഉണ്ട്. അവര്‍ക്കെല്ലാം അവരുടെ ദിനചര്യയുടെ ഭാഗമായി വ്യായാമങ്ങള്‍ എങ്ങനെ ചെയ്യാമെന്നും അതിനനുസരിച്ചു പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

നിരവധി ആളുകള്‍ അവരവരുടെ ജീവിതത്തിന്റെ ഭാഗമായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതിന് ശ്രമിക്കുന്നുണ്ട്. അത് പലപ്പോഴും ഒരു ചിട്ടയോടെ നടപ്പിലാക്കുന്നുണ്ടോ എന്നത് സംശയകരമാണ്. ഇവിടെയാണ് നമ്മള്‍ ദിനചര്യയുടെ ഭാഗമായുള്ള വിവിധങ്ങളായ വ്യായാമങ്ങളുടെ ഒരു സംഘടിത രൂപം കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്നത്. പൊതുവെ കൂടുതല്‍ ജനവിഭാഗങ്ങളും നടത്തം, ജോഗിങ്, സൈക്ലിങ്, നീന്തല്‍, യോഗ, ചിരി വ്യായാമം എന്നിങ്ങനെയാണ് വ്യായാമങ്ങളുടെ ഭാഗമായി നടത്തുന്നത്. ഇതില്‍ തന്നെ നടത്തം ആണ് കൂടുതല്‍ ആളുകള്‍ ദിനചര്യയുടെ ഭാഗമായി തിരഞ്ഞെടുക്കുന്നത്. ദിവസേന ഒരു പ്രത്യേക സമയത്തു തുടങ്ങി സമയ പരിധിക്കുള്ളില്‍ അവസാനിപ്പിച്ച് അത് തങ്ങളുടെ ജീവിത ക്രമത്തിന്റെ ഭാഗമാക്കി മാറ്റുമ്പോഴാണ് വ്യായാമം ഗുണകരമായ ഒരു അവസ്ഥ ആകുന്നത്.

ആരോഗ്യമുള്ള സമൂഹം, കായികക്ഷമതയുള്ള ജനത എന്ന ഒരു വലിയ ലക്ഷ്യത്തിലേക്ക് കേരള ഒളിമ്പിക് അസോസിയേഷന്‍ വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ‘ OLYMPIC WAVE ‘. ഈ പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ നമ്മുടെ സമൂഹത്തിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍കൊള്ളിച്ചുകൊണ്ടാണ് മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നത്. 6 മാസം കൊണ്ട് ചുരുങ്ങിയത് ഒരു ലക്ഷം അംഗങ്ങളെ ചേര്‍ത്തുകൊണ്ട് ഒരു വലിയ ജനകീയ മുന്നേറ്റം ആക്കി മാറ്റാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. വിവിധ മേഖലകളില്‍ നിന്ന് വിരമിക്കുകയും വലിയ രീതിയിലുള്ള അനുഭവ സമ്പത്ത് കൈവശമുള്ള മുതിര്‍ന്ന പൗരന്മാര്‍ പ്രത്യേകിച്ച് തങ്ങളുടെ ജീവിതക്രമത്തില്‍ വിരസത അനുഭവിക്കുന്ന കാലഘട്ടത്തില്‍ ഈ പദ്ധതിയിലൂടെ അവരെ കൂടുതല്‍ കര്‍മ്മോത്സുകമായ പ്രവര്‍ത്തനങ്ങളിലേക്കും ഇടപഴകലുകളിലേക്കും കൊണ്ട് വരാന്‍ കഴിയും. ഇത്തരത്തില്‍ അനുഭവ സമ്പത്ത് ഉള്ള നിരവധി ആളുകള്‍ നമ്മുടെ ഒളിമ്പിക് മൂവ്‌മെന്റിനും അതില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മറ്റു കായിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തേകുമെന്നു പ്രത്യാശിക്കുകയാണ്.

ഇതിന്റെ ആദ്യ ഘട്ടം എന്ന നിലയില്‍ കേരളത്തില്‍ 14 ജില്ലകളിലായി നടന്നു കൊണ്ടിരിക്കുന്ന വ്യായാമങ്ങളില്‍ നടത്തം എന്ന വ്യായാമത്തിന് ഒരു സംഘടിത രൂപം കൊണ്ടുവരികയാണ്. നിലവില്‍ ഒരു വ്യക്തി ഒറ്റക്കോ ചിലയിടങ്ങളില്‍ കൂട്ടമായോ ആണ് നടക്കുന്നത്. ചുരുക്കം ചില സ്ഥലങ്ങളില്‍ ഇതിനു ഒരു ക്ലബ് എന്ന നിലയിലുള്ള ഒരു സംഘടിത രൂപം ഉണ്ട്. പക്ഷെ നിലവിലുള്ള സ്ഥിതി പോരാ എന്നതാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ കാണുന്നത്. വ്യായാമങ്ങളുടെ ഗുണപരമായ വശങ്ങളെക്കുറിച്ചു കൂടുതല്‍ ആളുകള്‍ക്ക് മനസ്സിലാക്കുന്നതിനും, അവബോധം സൃഷ്ടിക്കുന്നതിനും നമ്മള്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ അതി വിപുലമായ ഒരു പദ്ധതിയാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്.

വികേന്ദ്രികൃത മാതൃകയിലാണ് ഈ പദ്ധതി നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഘടനാപരമായി സംസ്ഥാന – ജില്ലാ – കോര്‍പറേഷന്‍ – മുനിസിപ്പാലിറ്റി – പഞ്ചായത്ത് തലത്തിലേക്ക് ഇത് വ്യാപിപ്പിക്കും. സംസ്ഥാന തലത്തില്‍ ഒരു മോണിറ്ററിങ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് നിരന്തരം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത്. ഈ പദ്ധതിയുടെ ഏകോപിപ്പിക്കുന്നതിന് ജില്ലാ ഒളിമ്പിക് അസ്സോസിയേഷനുകള്‍ക്കുള്ള പങ്ക് വലുതാണ്. വിവിധ ജില്ലകളില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ദിനചര്യകളുടെ ഭാഗമായുള്ള വ്യായാമങ്ങള്‍ക്ക് ഒരു സംഘടിത രൂപം കൊണ്ടുവരുന്നതിന് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

വിവിധ ജനവിഭാഗങ്ങളില്‍ വ്യക്തിപരമായോ, കൂട്ടമായോ, ക്ലബുകള്‍ എന്ന രീതിയിലോ ഉള്ള എല്ലാ ആളുകളെയും ഈ പദ്ധതിയുടെ ഭാഗമാക്കി മാറ്റുവാന്‍ കഴിയണം. ഉദാഹരണത്തിന് നിലവില്‍ വാക്കേഴ്‌സ് ക്ലബുകള്‍ ഉണ്ടെങ്കില്‍ അത്തരം ക്ലബ്ബുകളെയും ആ ക്ലബ്ബിലെ അംഗങ്ങളെയും ജില്ലാ ഒളിമ്പിക് അസോസിയേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണം. ക്ലബ്ബുകള്‍ക്ക് 250 രൂപയും ക്ലബ്ബിലെ അംഗങ്ങള്‍ക്കും സ്വതന്ത്രമായ വ്യക്തികള്‍ക്കും 100 രൂപയും വാര്‍ഷിക രെജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ വാങ്ങാവുന്നതാണ്. രെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും നല്‍കേണ്ടതുമാണ്. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതാണ്. വ്യക്തികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരം ഉണ്ടാക്കണം. എന്നിരുന്നാലും നമ്മുടെ ലക്ഷ്യം എന്നു പറയുന്നത് ഈ ഒരു പദ്ധതിക്കു വലിയ ജനപങ്കാളിത്തം ഉറപ്പു വരുത്തുക എന്നതും അതിലൂടെ കേരളത്തില്‍ ഒളിമ്പിക് മൂവ്‌മെന്റിലേക്കു കൂടുതല്‍ ആളുകളെ ഭാഗഭാക്കാക്കി മാറ്റുക എന്നതുമാണ്. വ്യക്തിപരമായി ഒറ്റയ്ക്ക് നടക്കുകയോ മറ്റു വ്യായാമങ്ങളായ ജോഗിങ്, സൈക്ലിങ്, യോഗ, നീന്തല്‍, ചിരി വ്യായാമം ഉള്‍പ്പെടെ ചെയ്യുന്നവരോ ആയിട്ടുള്ള ജനവിഭാഗങ്ങളെ ഉള്‍കൊള്ളിച്ചു ക്ലബ് രൂപീകരിക്കുന്നതിന് ഇടപെടല്‍ OLYMPIC WAVE ജില്ലാ തല സമിതികളുടെ ചുമതലയില്‍ വരണം. നമ്മുടെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അത് ഒരു വ്യക്തിയോ, ക്ലബോ ആയിക്കോട്ടെ, അവര്‍ക്കു നമ്മള്‍ നല്‍കുന്ന ഗുണപരമായ വശങ്ങളെക്കുറിച്ചും ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ ആവശ്യങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുവാന്‍ കഴിയണം. പ്രത്യേകിച്ച് ഇതിന്റെ ഭാഗമാകുന്നവര്‍ക്ക് രാവിലെ അഞ്ചു മണി മുതല്‍ മികച്ച വ്യായാമത്തിനും, പരിശീലനത്തിനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക, പുതിയ സ്‌പോര്‍ട്‌സ് സയന്‍സുകളുടെ പ്രയോഗങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ ജീവിത നിലവാരം ഉയര്‍ത്തുക, ശാരീരിക – മാനസിക – സാമൂഹികമായ – ആരോഗ്യകരമായ അവസ്ഥകള്‍ ഉണ്ടാക്കുക തുടങ്ങി ഒരു സമൂഹത്തിന് മാതൃകയാകുന്ന മനുഷ്യരായി മാറ്റുന്നതിന് ഈ പദ്ധതി ഒരു തുടക്കവും, അത് കേരള ഒളിമ്പിക് അസ്സോസിയേഷനിലൂടെ തന്നെ വരുന്നു എന്നതും നമുക്ക് അഭിമാനിക്കാവുന്ന ഒരു അവസ്ഥയിലേക്ക് വരും എന്നതിന് ഒരു സംശയവുമില്ല.