ആന്‍സിയും സാന്ദ്രയും ഇന്ത്യന്‍ ടീമില്‍ | Two Kerala Players at Indian Team

അത്‌ലറ്റിക്‌സിലെ കേരളത്തിന്റെ അഭിമാനമായി മാറിയ ആന്‍സി സോജനും സാന്ദ്രബാബുവും ഇന്ത്യന്‍ ടീമില്‍ ഫെബ്രുവരി 12,13 തിയതികളില്‍ ചൈനയിലെ ഹാങ്‌ചോയില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ഇരുവരും ഇടംനേടിയത്. ആന്‍സി സോജന്‍ ലോങ് ജംമ്പിലും സാന്ദ്ര ബാബു ട്രിപ്പിള്‍ ജംമ്പിലും ഇന്ത്യക്കായി ഇറങ്ങും. ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ലോങ് ജംമ്പില്‍ ആന്‍സി റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 6.36 മീറ്റര്‍ ചാടിയാണ് ആന്‍സി റെക്കോര്‍ഡ് തിരുത്തി എഴുതിയത്. ഈ പ്രകടനമാണ് താരത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. തൃശൂര്‍ നാട്ടിക സ്വദേശിയായ ആന്‍സി യൂത്ത് ഗെയിംസില്‍ 100 മീറ്ററിലും സ്വര്‍ണം നേടി. ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുത്ത ആന്‍സി മത്സരിച്ച നാല് ഇനത്തിലും സ്വര്‍ണം നേടിയിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ ഓവറോള്‍ കിരീടവും ആന്‍സിക്കായിരുന്നു.
മൂഡബിദ്രയില്‍ നടന്ന അന്തര്‍സര്‍വകലാശാല അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനമാണ് സാന്ദ്ര ബാബുവിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. 13.28 മീറ്ററാണ് സാന്ദ്ര ബാബു ചാടിയത്. കണ്ണൂര്‍ സ്വദേസിയായ സാന്ദ്ര സാഫ് ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങിയിട്ടുണ്ട്.