മെന്‍സ് ഫിസിക് വെള്ളി മെഡലിസ്റ്റ് ഷിനു ഒളിമ്പിക്ഭവന്‍ സന്ദര്‍ശിച്ചു | Shinu chovva Visits Olympic Bhawan

കഴിഞ്ഞ നവംബറില്‍ സൗത്ത് കൊറിയയില്‍ നടന്ന വേള്‍ഡ് ബോഡി ബില്‍ഡിങ് & ഫിസിക് ചാമ്പ്യന്‍ഷിപ്പില്‍ മെന്‍സ് ഫിസിക് വിഭാഗത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ മലയാളികളുടെ അഭിമാനം ഷിനു ചൊവ്വ ഒളിമ്പിക്ഭവന്‍ സന്ദര്‍ശിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍ ഷിനുവിനെ സ്വീകരിച്ചു. ശരീര സൗന്ദര്യത്തിലെ ഇന്ത്യയുടെ രാജകുമാരനാണ് ഷിനു.
കേരള ചരിത്രത്തിലെ ആദ്യ മെന്‍സ് ഫിസിക് ഇന്റര്‍നാഷണല്‍ അത്ലറ്റായ ഷിനു ചരിത്രത്തില്‍ ആദ്യമായി മെന്‍സ് ഫിസിക് വിഭാഗത്തില്‍ വെള്ളി നേടുന്ന ഇന്ത്യക്കാരനാണ്. ഏഴ് തവണ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത ഷിനു തുടര്‍ച്ചയായി മൂന്ന് തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഇന്ത്യന്‍ ടീമിലുള്ള ഏകമലയാളി താരവുമാണ്.കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് കണ്ടേരി സ്വദേശിയാണ്.
കായിക രംഗത്തേടൊപ്പം പഠനത്തിലും മികവ് പുലര്‍ത്തിയ ഷിനു എംബിഎ, എം.എ. ആന്ത്രോപോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.