നിസാരം | Santosh trophy South Zone Qualifiers

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ തമിഴ്‌നാടിനെ അനായാസം തോല്‍പ്പിച്ച് യോഗ്യത നേടി കേരളം. എതിരില്ലാത്ത ആറ് ഗോളിനാണ് കേരളം തമിഴ്‌നാടിനെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ തന്നെ ആക്രമണം തുടങ്ങിയ കേരളത്തെ തേടി നിരവധി അവസരങ്ങളെത്തിയെങ്കിലും ഭാഗ്യം തമിഴ്‌നാടിനൊപ്പം നിന്നു.
24 ാം മിനുട്ടില്‍ പി.വി വിഷ്ണു കേരളത്തിന് വേണ്ടി ഗോളടി ആരംഭിച്ചു. ജിജോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. മൂന്ന് ഡിഫന്‍ഡര്‍മാരെ മറികടന്ന് മുന്നറിയാണ് ജിജോ വിഷ്ണുവിന് പാസ് നല്‍കിയത് 33 ാം മിനുട്ടില്‍ ജിതന്‍ കേരളത്തിന്റെ ലീഡുയര്‍ത്തി. ഒറ്റയാള്‍ മുന്നേറ്റത്തിലൂടെയായിരുന്നു ഗോള്‍. 45-ാം മിനുട്ടില്‍ ജിതിന്‍ വീണ്ടും ലീഡ് ഉയര്‍ത്തി. 42-ാം മിനുട്ടില്‍ ലിയോണ്‍ പാഴാക്കിയ അവസരത്തില്‍ നിന്നായിരുന്നു ജിതിന്റെ രണ്ടാം ഗോള്‍.
രണ്ടാം പകുതിയിലും കേരളത്തെ തേടി അവസരങ്ങളെത്തി. 83-ാം മിനുട്ടില്‍ മൗസുഫ് നാലാം ഗോള്‍ നേടി. ബോക്‌സിന് പുറത്ത് നിന്നുള്ള ഒന്നാന്തരമൊരു ഷോട്ടിലൂടെയാണ് മൗസുഫ് ലീഡ് നാലാക്കി ഉയര്‍ത്തിയത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ ജിജോ അഞ്ചാം ഗോള്‍ നേടി. തമിഴ്‌നാട് പ്രതിരേധത്തെ കടന്നു ബോക്‌സില്‍ കയറിയ ജിജോ ഹീല്‍ കൊണ്ട് ഗോളാക്കി മാറ്റുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ എമില്‍ ഗോള്‍പട്ടിക ആറാക്കി.ഒന്നാന്തരമൊരു ഡ്രിബിളിലൂടെയാണ് എമില്‍ വല ചലിപ്പിച്ചത്.