നിറഞ്ഞാടി കേരളം | Santosh trophy South Zone Qualifiers

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ ആന്ധ്രപ്രദേശിനെ ഗോളില്‍ മുക്കി കേരളം. എതിരാല്ലാത്ത അഞ്ച് ഗോളിനാണ് കേരളം വിജയിച്ചത്. മത്സരത്തില്‍ ഉടനീളം കേരളത്തിന്റെ ആധിപത്യമായിരുന്നു. ആദ്യ പകുതിയില്‍ തന്നെ കേരളം രണ്ട് ഗോളിന്റെ ലീഡ് നേടി. 45 ാം മിനുട്ടില്‍ വിപിന്‍ തോമസ് കേരളത്തിനായി ആദ്യം ഗോള്‍ നേടി. ഹെഡറിലൂടെയുള്ള വിപിന്റെ ഗോള്‍. മത്സരം ആദ്യ പകുതിക്ക് പിരിയാനിരിക്കെ ലഭിച്ച പെനാല്‍റ്റി ലിനോ അഗസ്റ്റിന്‍ ഗോളാക്കി മാറ്റിയതോടെ ആദ്യ പകുതിയില്‍ കേരളത്തിന് രണ്ട് ഗോളിന്റെ ലീഡ്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരളം ലീഡ് മൂന്നാക്കി ഉയര്‍ത്തി. 53 ാം മിനുട്ടില്‍ എമില്‍ ബെന്നിയുടെ വകയായിരുന്നു ഗോള്‍. പത്ത് മിനുട്ടിന് ശേഷം 63ാം മിനുട്ടില്‍ വീണ്ടും എമില്‍ ബെന്നി വല കുലുക്കി. ഇഞ്ചുറി ടൈമില്‍ എന്‍ ഷിഹാദിന്റെ ഹെഡര്‍ ഗോളിലൂടെ ലീഡ് അഞ്ചാക്കി. 9ന് തമിഴ്‌നാടുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാരാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുക.