രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് 268 റണ്‍സ് വിജയ ലക്ഷ്യം. ഗുജറാത്തിന്റെ രണ്ടാം ഇന്നിംങ്സ് 210 റണ്‍സില്‍ അവസാനിച്ചു. ആദ്യ ഇന്നിംങ്സില്‍ ഗുജറാത്ത് 58 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംങ്സില്‍ കേരളത്തിന് വേണ്ടി ബേസില്‍ തമ്പി അഞ്ച് വിക്കറ്റ് നേടി. രണ്ടാം ഇന്നിംങ്സില്‍ ബാറ്റിങ് ആരംഭിച്ച കേരളം വിക്കറ്റ് നഷ്ടപ്പെടാതെ 26 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ വിഷ്ണുവും(22), ജലജ് സക്സേനയും(3) ആണ് ക്രീസില്‍.
രണ്ടാം ഇന്നിംങ്സില്‍ ഗുജറാത്തിന് വേണ്ടി മണ്പ്രീതും(53) ഗാജയും(50) അര്‍ധസെഞ്ച്വറി നേടി. ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിംങ്സില്‍ ഗുജറാത്തിനെ സക്സേനയുടെ ബൗളിങ് മികവില്‍ 127 റണ്‍സില്‍ പുറത്താക്കി. എന്നാല്‍ അതേ നാണയത്തില്‍ ഗുജറാത്തും തിരിച്ചടിച്ചു. റൂഷ് കലാരിയയുടെയും അക്സര്‍ പട്ടേലിന്റെയും ബൗളിങ് മികവില്‍ കേരളത്തിന്റെ ഇന്നിംങ്സ് 70 ല്‍ അവസാനിച്ചു. രണ്ട് പേര് മാത്രമാണ് കേരള നിരയില്‍ സ്കോര്‍ബോര്‍ഡില്‍ രണ്ടക്കം കടത്തിയത്. 26 റണ്‍സെടുത്ത റോബിന് ഉത്തപ്പയാണ് ടോപ്പ് സ്കോറര്‍.