രഞ്ജി ട്രോഫി; കേരളത്തിന് തോല്‍വി | ranji trophy 2019-20

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. ഗുജറാത്ത് ഉയര്‍ത്തിയ 268 റണ്‍സിന്റെ വിജയലക്ഷ്യം കേരളത്തിന് മറികടക്കാന്‍ സാധിച്ചില്ല. രണ്ടാം ഇന്നിംങ്‌സില്‍ കഴിഞ്ഞ ദിവസം വിക്കറ്റ് നഷ്ടപ്പെടാതെ 26 എന്ന നിലയിലായിരുന്നു കേരളത്തിന് സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീട് ക്രീസിലെത്തിയവരെല്ലാം ചെറിയ സ്‌കോറില്‍ മടങ്ങിയതോടെ കേരളത്തിന്റെ ബാറ്റിങ്‌നിര പ്രതിരോധത്തിലായി. എന്നാല്‍ സഞ്ജു സാംസണ്‍ ഒരു വശത്ത് നിന്ന് ഒറ്റയാന്‍ പോരാട്ടം നടത്തിയെങ്കിലും 45 ാം ഓവറില്‍ അക്‌സര്‍ പട്ടേല്‍ സഞ്ജുവിനെ മടക്കി. സഞ്ജു 78 റണ്‍സ് നേടി. ഗുജറാത്തിന് വേണ്ടി അക്‌സര്‍ പട്ടേല്‍ 50 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. ഗാജ മൂന്നും റോഷ് കലാരിയ രണ്ടും വിക്കറ്റ് വീതം നേടി.
ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിംങ്സില്‍ ഗുജറാത്തിനെ സക്സേനയുടെ ബൗളിങ് മികവില്‍ 127 റണ്‍സില്‍ പുറത്താക്കി. എന്നാല്‍ അതേ നാണയത്തില്‍ ഗുജറാത്തും തിരിച്ചടിച്ചു. റൂഷ് കലാരിയയുടെയും അക്സര്‍ പട്ടേലിന്റെയും ബൗളിങ് മികവില്‍ കേരളത്തിന്റെ ഇന്നിംങ്സ് 70 ല്‍ അവസാനിച്ചു. രണ്ട് പേര്‍ മാത്രമാണ് കേരള നിരയില്‍ സ്‌കോര്‍ബോര്‍ഡില്‍ രണ്ടക്കം കടത്തിയത്. 26 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയായിരുന്നു ടോപ്പ് സ്‌കോറര്‍.