ദിനചര്യയുടെ ഭാഗമായി വ്യായാമങ്ങള്‍ ചെയ്യുന്ന ലക്ഷകണക്കിന് ജനങ്ങളുടെ കൂട്ടായ്മയുമായി ഒളിമ്പിക് വേവിലൂടെ കേരള ഒളിമ്പിക് അസോസിയേഷന്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കേരള കായിക മേഖലയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരള ഒളിമ്പിക് അസോസിയേഷന് വീണ്ടും ഒരു ജനകീയ പദ്ധതിയുമായി രംഗത്ത്. നമ്മുടെ സംസ്ഥാനം വികസിത രാജ്യങ്ങള്‍ക്കു സമാനമായ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ജീവിതശൈലിയിലെ അപാകതകള്‍ മൂലം മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് അടിമപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായി എന്നത് കാലിക യാഥാര്‍ഥ്യമാണ്. പൂര്‍ണ ശാരീരികാരോഗ്യക്ഷമത കൈവരിക്കുന്ന ഒരാള്‍ ഏതു മേഖലയില്‍ ആണെങ്കിലും അതീവ ഉന്മേഷത്തോടെ തന്റെ പ്രവര്‍ത്തി നിര്‍വഹിക്കുകയും ജീവിതാനന്ദം കണ്ടെത്തുകയും ചെയ്യുമെന്നത് ഒരു ശാസ്ത്രീയ സത്യമാണ്. രോഗാതുരമായ ഒരു ശരീരം എല്ലാ ക്ഷമതകളെയും തളര്‍ത്തുന്നതായി കാണാം. എന്നാല്‍ കായിക – ശാരീരിക ക്ഷമത കൈവരിക്കുന്നതിലൂടെ രോഗങ്ങളില്‍ നിന്നും ശാശ്വത മോചനം സാധ്യമാകുന്നു. ഇന്ന് ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഒരു സ്ഥിതിവിശേഷമുണ്ട്. ഇതിനു പ്രധാന കാരണമായി കണക്കാക്കുന്നത് ദൈനംദിന ജീവിതത്തില്‍ വ്യായാമത്തിന്റെ കുറവ് തന്നെയാണ്. നമ്മുടെ സമൂഹത്തില്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജനവിഭാഗങ്ങള്‍ ഉണ്ട്. അവര്‍ക്കെല്ലാം അവരുടെ ദിനചര്യയുടെ ഭാഗമായി വ്യായാമങ്ങള്‍ എങ്ങനെ ചെയ്യാമെന്നും അതിനനുസരിച്ചു പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുമാണ് കേരള ഒളിമ്പിക് അസോസിയേഷന് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
വികേന്ദ്രികൃത മാതൃകയിലാണ് ഈ പദ്ധതി നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഘടനാപരമായി സംസ്ഥാന – ജില്ലാ – കോര്പറേഷന് – മുനിസിപ്പാലിറ്റി – പഞ്ചായത്ത് തലത്തിലേക്ക് ഇത് വ്യാപിപ്പിക്കും. സംസ്ഥാന തലത്തില്‍ ഒരു മോണിറ്ററിങ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് നിരന്തരം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത്. വിവിധ ജില്ലകളില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ദിനചര്യകളുടെ ഭാഗമായുള്ള വ്യായാമങ്ങള്‍ക്ക് ഒരു സംഘടിത രൂപം കൊണ്ടുവരുന്നതിന് ജില്ലാ ഒളിമ്പിക് അസോസിയേഷന് വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും.