ഖേലോ ഇന്ത്യ; മെഡലുകള്‍ വാരിക്കൂട്ടി കേരളം | Khelo India Youth Games

ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ മൂന്നാം ദിനം കേരളത്തിന് മൂന്ന് സ്വര്‍ണമടക്കം ഏഴ് മെഡലുകള്‍.

മൂന്ന് സ്വര്‍ണം

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അത്‌ലറ്റിക്‌സില്‍ മൂന്നാം ദിനം കേരളം നേടിയത് മൂന്ന് സ്വര്‍ണം. അണ്ടര്‍ 21 പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ കേരളം റെക്കോര്‍ഡോടെ സ്വര്‍ണം നേടി. മഹാരാഷ്ട്ര ടീം കുറിച്ച 47.22 സെക്കന്റിന്റെ റെക്കോര്‍ഡാണ് 46.77 സെക്കന്റില്‍ ഓടിയെത്തി കേരളാ ടീം തിരുത്തി എഴുതിയത്. ഭാവിക വിഎസ്, എ ടോമി കെവി, മൃതുല മരിയ ബാബു, ആന്‍സി സോജന്‍ എന്നിവര്‍ അടങ്ങുന്നതാണ് കേരളാ ടീം.
അണ്ടര്‍ 21 പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ പ്രിന്‍സില്ല ഡാനിയല്‍ സ്വര്‍ണം നേടി. 2 മിനുട്ട് 11.81 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് പ്രിന്‍സില്ല സ്വര്‍ണം നേടിയത്. ഉത്തര്‍പ്രദേശിന്റെ രാകി സിങിനാണ് വെള്ളി. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ 800 മീറ്ററിലും കേരളം സ്വര്‍ണം നേടി. 2 മിനുട്ട് 14.58 സെക്കന്റില്‍ മത്സരം പൂര്‍ത്തിയാക്കിയ സ്റ്റെഫി സാറ കോശിയാണ് കേരളത്തിനായി സ്വര്‍ണം നേടിയത്.

നാല് വെങ്കലം

മൂന്നാം ദിനം കേരളം നേടിയത് നാല് വെങ്കലം. അണ്ടര്‍ 21 പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മാളവിക രമേഷ് വെങ്കലം നേടി. തമിഴ്‌നാടിന്റെ പവിത്രക്കാണ് സ്വര്‍ണം. അണ്ടര്‍ 21 ആണ്‍കുട്ടികളുടെ ലോങ്ജംമ്പില്‍ സജന്‍ ആര്‍ വെങ്കലം നേടി. 7.29 മീറ്ററാണ് സജന്‍ ചാടിയത്. 7.41 മീറ്റര്‍ ചാടിയ തമിഴ്‌നാടിന്റെ സറന്‍ സ്വര്‍ണം നേടി. അണ്ടര്‍ 21 പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംമ്പില്‍ കേരളത്തിന്റെ ലിസബത്ത് കരോളിന്‍ ജോസഫും വെങ്കലം നേടി. 12.37 മീറ്റര്‍ ചാടിയാണ് ലിസബത്ത് വെങ്കലം നേടിയത്. തമിഴ്‌നാടിനാണ് സ്വര്‍ണവും വെള്ളിയും. ഇതേ മത്സരത്തില്‍ ഇറങ്ങിയ കേരളത്തിന്റെ അനുമാത്യൂ നാലാമതെത്തി. 12.18 മീറ്റര്‍ ചാടിയാണ് അനു നാലാമത് എത്തിയത്. അണ്ടര്‍ 17 പെണ്‍കുട്ടികളുടെ 4-100 മീറ്ററിലും കേരളം വെങ്കലം നേടി. എല്‍ഗ തോമസ്, അലീന വര്‍ഗീസ്, നയന ജോസ് മാത്യു, സാന്ദ്രമോള്‍ സാബു എന്നിവര്‍ അടങ്ങുന്ന ടീമാണ് വെങ്കലം നേടിയത്.