വീണ്ടും റെക്കോര്‍ഡ് തിരുത്തി കേരളം | Khelo India Youth Games

ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വീണ്ടും റെക്കോര്‍ഡ് തിരുത്തി കേരളം. മൂന്നാം ദിനം അണ്ടര്‍ 21 പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലാണ് കേരളം റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം നേടിയത്. മഹാരാഷ്ട്ര ടീം കുറിച്ച 47.22 സെക്കന്റിന്റെ റെക്കോര്‍ഡാണ് 46.77 സെക്കന്റില്‍ ഓടിയെത്തി കേരളാ ടീം തിരുത്തി എഴുതിയത്. ഭാവിക വിഎസ്, എ ടോമി കെവി, മൃതുല മരിയ ബാബു, ആന്‍സി സോജന്‍ എന്നിവര്‍ അടങ്ങുന്നതാണ് കേരളാ ടീം. ഈ ഇനത്തില്‍ തമിഴ്‌നാട് വെള്ളിയും മഹാരാഷ്ട്ര വെങ്കലവും നേടി.
കഴിഞ്ഞ ദിവസം അണ്ടര്‍ 21 പെണ്‍കുട്ടികളുടെ ലോങ്ജംമ്പില്‍ ആന്‍സി സോജന്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം തമിഴ്‌നാടിന്റെ ആന്‍ഡ്രിയ ഷെറിന്‍ കുറിച്ച 6.15 മീറ്ററിന്റെ നേട്ടമാണ് 6.36 മീറ്റര്‍ ചാടി ആന്‍സി മറികടന്നത്. തൃശൂര്‍ നാട്ടിക ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആന്‍സിയുടെ ലോങ് ജംമ്പിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്.പഞ്ചാബിലെ സംഗ്രൂരില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയിലും ലോങ് ജംമ്പില്‍ ആന്‍സി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. പെണ്‍കുട്ടികളുടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ആന്‍സിക്കായിരുന്നു.