താരങ്ങള്‍ക്ക് വിമാനയാത്ര ഒരുക്കി കായികവകുപ്പ് | Khelo India Youth Games

ഗുവാഹത്തിയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് പോകുന്ന കേരളാ താരങ്ങള്‍ക്ക് വിമാനയാത്ര ഒരുക്കി സംസ്ഥാന കായികവകുപ്പ്. വെള്ളിയാഴ്ച ആരംഭിക്കുന്ന ഗെയിംസിനുള്ള 286 താരങ്ങളാണ് പങ്കെടുക്കുന്നത്. താരങ്ങളെ വഹിച്ചുള്ള ആദ്യവിമാനം ഇന്ന് പകല്‍ രണ്ടിന് തിരുവനന്തപുരത്തുനിന്നും രണ്ടാം വിമാനം വൈകുന്നേരം 7.15ന് കൊച്ചിയില്‍നിന്നും പുറപ്പെടും.
ആദ്യമായാണ് ദേശീയതലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇത്രയധികം കേരള താരങ്ങള്‍ക്ക് വിമാനമാര്‍ഗം യാത്ര ഒരുക്കുന്നത്. സാധാരണ ട്രെയിനിലായിരുന്നു യാത്ര. ജിംനാസ്റ്റിക്സ്, കബഡി, വോളിബാള്‍ എന്നീ ഇനങ്ങളിലെ 43 താരങ്ങളും ആറ് പരിശീലകരും രണ്ട് ടീം മാനേജര്‍മാരും സൈക്കോളജിസ്റ്റുമാണ് ഇന്ന് യാത്ര തിരിക്കുന്നത്. ജിംനാസ്റ്റിക്സ് താരങ്ങള്‍ തിരുവനന്തപുരത്തുനിന്നും കബഡി, വോളിബോള്‍ താരങ്ങള്‍ കൊച്ചിയില്‍നിന്നും പുറപ്പെടും. 10ന് തുടങ്ങുന്ന ഗെയിംസ് 22ന് അവസാനിക്കും.