ആന്‍സിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം | Khelo India Youth Games

ഗുവാഹത്തിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ മലയാളി താരം ആന്‍സി സോജന് സ്വര്‍ണം. അണ്ടര്‍ 21 പെണ്‍കുട്ടികളുടെ ലോങ്ജംമ്പില്‍ റെക്കോര്‍ഡോടെയാണ് ആന്‍സി സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം തമിഴ്നാടിന്റെ ആന്‍ഡ്രിയ ഷെറിന്‍ കുറിച്ച 6.15 മീറ്ററിന്റെ നേട്ടമാണ് 6.36 മീറ്റര്‍ ചാടി ആന്‍സി മറികടന്നത്. ആന്‍ഡ്രിയക്കാണ് വെള്ളി. 6.30 മീറ്ററാണ് ആന്‍ഡ്രിയ ചാടിയത്.കേരളത്തിന്റെ തന്നെ സാന്ദ്ര ബാബുവാണ് വെങ്കലം നേടിയത്. 5.99 മീറ്ററാണ് സാന്ദ്ര ചാടിയത്.
തൃശൂര്‍ നാട്ടിക ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആന്‍സിയുടെ ലോങ് ജംമ്പിലെ ഏറ്റവും മികച്ച പ്രകടനമാണിത്.പഞ്ചാബിലെ സംഗ്രൂരില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയിലും ലോങ് ജംമ്പില്‍ ആന്‍സി മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. പെണ്‍കുട്ടികളുടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ആന്‍സിക്കായിരുന്നു.