ഖേലോ ഇന്ത്യ; അത്‌ലറ്റിക്‌സില്‍ കേരളത്തിന് മൂന്ന് സ്വര്‍ണം | Khelo India – University Games Athletics

ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ ഫീല്‍ഡ് ഇനത്തില്‍ നേരിട്ട നിരാശകള്‍ തിരുത്തി കേരളം. അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ ആദ്യദിനം 3 സ്വര്‍ണവും ഒരു വെള്ളിയും 2 വെങ്കലവുമടക്കം ആറ് മെഡലുകളാണ് കേരളം സ്വന്തമാക്കിയത്.
പുരുഷ ലോങ്ജംമ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മുഹമ്മദ് സാലിഹ് കാലിക്കറ്റ് സര്‍വകലാശാലക്കായി സ്വര്‍ണം നേടി. എംജിയുടെ ടി.വി. അഖിലിനാണ് വെള്ളി. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജ് വിദ്യാര്‍ത്ഥിയാണ്. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ റൊണാള്‍ഡ് ബാബു എംജി സര്‍വകലാശാലയ്ക്കായും നിതകളുടെ 400 മീറ്ററില്‍ കൊല്ലം എസ്എന്‍ കോളേജിലെ പി.ഒ.സയന കേരള സര്‍വകലാശാലയും പൊന്നണിഞ്ഞു.
വനിതാ പോള്‍വോള്‍ട്ടില്‍ തൃശൂര്‍ വിമല കോളേജിലെ സി. അനശ്വരയും ലോങ്ജംമ്പില്‍ പാലാ അല്‍ഫോന്‍സ കോളജിലെ അനുപമ ബിജുവുമാണ് വെങ്കലം നേടിയത്.
വനിതകളുടെ ഭാരോദ്വഹനത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എം.എസ്.സ്‌നേഹ, സ്വാതി കിഷോര്‍ എന്നിവര്‍ കാലിക്കറ്റിനായി വെങ്കലം നേടി. ജൂഡോയില്‍ തൃശൂര്‍ സെന്റ് മേരീസ് കോളേജിലെ എന്‍.വിജിത വെള്ളി നേടി.