ഖേലോ ഇന്ത്യ; മെഡലുറപ്പിച്ച് കേരളം | Khelo India – University Games 2020

ഒഡീഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില്‍ വനിതാ ജൂഡോയില്‍ കേരളത്തിന് വെള്ളി. 63 കിലോ ഗ്രാം വിഭാഗത്തില്‍ എംജി സര്‍വകലാശാലയുടെ അഖില അജിത്കൂമാര്‍ ആണ് വെള്ളി നേടിയത്. കാലടി എസ്എസ് കോളേജ് വിദ്യാര്‍ത്ഥിയാണ് അഖില അജിത് കുമാര്‍. വനിതാ ബോക്‌സിംങില്‍ നാല് മെഡലുറപ്പിച്ച് കേരളം. വനിതാ വിഭാഗത്തില്‍ സെമി ഫൈനലില്‍ എത്തിയതോടെയാണ് കേരളം നാല് മെഡല്‍ ഉറപ്പിച്ചത്. 64 കിലോ ഗ്രാം വിഭാഗത്തില്‍ ജോഷ്മി ജോസ്, 75 കിലോ വിഭാഗത്തില്‍ ഇന്ദ്രജ, 81 കിലോ വിഭാഗത്തില്‍ ശീതള്‍ ഷാജി, 81 പ്ലസ് വിഭാഗത്തില്‍ അനശ്വര പി.എം. എന്നിവരാണ് സെമിയിലെത്തിയത്. നാല് പേരും കേരള സര്‍വകലാശാലയില്‍ നിന്നുള്ളവരാണ്.
പുരുഷ വിഭാഗം ഫുട്‌ബോളില്‍ കേരള സര്‍വകലാശാല ഫൈനലിലെത്തി. സെമിയില്‍ കൊല്‍ക്കത്ത അഡ്മാസ് യൂണിവേഴ്‌സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരള സര്‍വകലാശാല പരാജയപ്പെടുത്തിയത്. ടി. ഷിജിനാണ് കേരളത്തിന് വേണ്ടി ഇരുഗോളുകളും നേടിയത്. ഫൈനലില്‍ കേരള സര്‍വകലാശാല പട്യാല പഞ്ചാബിനെ നേരിടും.