ഖേലോ ഇന്ത്യ; വനിതാ ലീഗിന് തുടക്കമായി | Khelo India Girls League

വനിതകള്‍ക്കായുള്ള കേരളത്തിലെ ആദ്യത്തെ ഫുട്ബോള്‍ ലീഗിന് തുടക്കമായി. ഇന്ന് വൈകീട്ട് 3.30 ന് എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന മത്സരത്തില്‍ സിവി സീന അക്കാദമി എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍ എഫ്സിയെ തകര്‍ത്തു. സിവി സീന അക്കാദമിക്ക് വേണ്ടി മഞ്ജിമ നാല് ഗോള്‍ നേടി. 11,47,67,69 എന്നീ മിനുട്ടുകളിലായിരുന്നു ഗോള്‍. മഞ്ജിമക്ക് പുറമെ ദേവി രോഹിണി(18), ഭവാന (50), മെര്‍ലിന്‍സ് ജോയ് (83), ആരതി കൃഷ്ണ (89) എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
അണ്ടര്‍ 17 ഖേലോ ഇന്ത്യ ഗോള്‍സ് ലീഗിന്റെ ഭാഗമായി ആണ് സംസ്ഥാനത്ത് ഇത്തരത്തിലൊരു ലീഗ് സംഘടിപ്പിക്കുന്നത്. രണ്ട് മാസത്തോളം നീളുന്ന ലീഗില്‍ ശനി ഞായര്‍ ദിവസങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. 45 മത്സരങ്ങളാണ് ലീഗില്‍ നടക്കുക. അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് പുറമെ ഫോര്‍ട്ട്കൊച്ചിവെളി ഗ്രൗണ്ട്, പനമ്പള്ളിനഗര്‍ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളും വേദിയാകും.