പൊരുതിക്കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ശക്തരായ ഒഡീഷ എഫ്സിയെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടി. കൊച്ചിയിൽ കളി 0–-0ന് അവസാനിച്ചു. ജയ്റോ റോഡ്രിഗസ്, മെസി ബൗളി എന്നിവർക്ക് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. എന്നിട്ടും ഒഡീഷയെ തടയാനായി. ആക്രമണത്തിലും ബ്ലാസ്റ്റേഴ്സാണ് മുന്നിൽനിന്നത്. കെ പി രാഹുലും സഹൽ അബ്ദുൾ സമദും പലതവണ ഗോളിന് അടുത്തെത്തി. നാല്കളിയിൽ നാല് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്ക് മുന്നേറി. ഒഡീഷ ഇത്രതന്നെ പോയിന്റുമായി അഞ്ചാമതാണ്.
ക്യാപ്റ്റൻ ബർതലോമിയോ ഒഗ്ബെച്ചെയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിക്കെതിരെ കളിക്കാനിറങ്ങിയത്. മുന്നേറ്റത്തിൽ മെസി ബൗളി പകരം വന്നു.മധ്യനിരയിൽ സഹൽ അബ്ദുൾ സമദ്, കെ പി രാഹുൽ, കെ പ്രശാന്ത്, സെർജിയോ സിഡോഞ്ച, മുഹമ്മദ് നിങ് എന്നിവരും. പ്രതിരോധത്തിൽ മുഹമ്മദ് റാക്കിപ്, ജയ്റോ റോഡ്രിഗസ്, ജെസെൽ കർണെയ്റോ, രാജു ഗെയ്ക്ക്വാദ് എന്നിവരെത്തി. ഗോൾ വലയ്ക്ക് മുന്നിൽ ടി പി രെഹ്നേഷും.
ഒഡീഷ ഗോൾവലയ്ക്ക് മുന്നിൽ ഫ്രാൻസിസ്കോ ഡൊറോൻസോറോ നിന്നു. പ്രതിരോധത്തിൽ ശുഭം സാരംഗി, റാണാ ഗരാമി, നാരായൺ ദാസ്എന്നിവർ. ദിവാൻഡ ഡിയാനെ, ക്യാപ്റ്റൻ മാർകോസ് ടെബർ, വിനീത് റായ്, ജെറി മാവിമിംഗതംഗ, സിസ്കോ ഹെർണാണ്ടസ്, നന്ദകുമാർ ശേഖർ എന്നിവർ മധ്യനിരയിൽ കളിച്ചു. മുന്നേറ്റത്തിൽ അറിഡാനെ സന്താനയും ഇടംപിടിച്ചു.നവംബർ 23ന് ബംഗളൂരു എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. ബംഗളൂരുവാണ് വേദി