എ.ടി.കെയെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് | Kerala Blasters Do the Double Over ATK

രണ്ട് തവണ ചാമ്പ്യന്‍മാരായ എടികെയെ അവരുടെ മൈതാനത്ത് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് എടികെയെ തകര്‍ത്തത്. ഹാളീചരണ്‍ നര്‍സാറി ബ്ലാസ്റ്റേഴ്സിന് ആവേശ ജയമൊരുക്കി. ഈ സീസണില്‍ എടികെയെ രണ്ടാം തവണയും കീഴടക്കുന്ന ടീമായി ബ്ലാസ്റ്റേഴ്സ്. 12 കളിയില്‍ 14 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് കുതിക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
ഹൈദരാബാദിനെതിരെ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് എടികെയ്ക്കെതിരെ ഇറങ്ങിയത്. പ്രതിരോധത്തില്‍ ജിയാന്നി സുയ്വെര്‍ലൂണിന് പകരം മലയാളി താരം അബ്ദുള്‍ ഹക്കു ഇറങ്ങി. മധ്യനിരയില്‍ ജീക്സണ്‍ സിങ്ങിന് പകരം മരിയോ അര്‍ക്യൂസ് എത്തി.
കളിയുടെ ആറാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാന്തരം നീക്കം കണ്ടു. സെയ്ത്യാസെന്‍ സിങ്ങിന്റെ അടി എടികെ പ്രതിരോധത്തില്‍ തട്ടി തെറിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന് കോര്‍ണര്‍ കിക്ക് കിട്ടി. ജെസെല്‍ കര്‍ണെയ്റോ തൊടുത്ത കിക്ക് എടികെ പ്രതിരോധം തടഞ്ഞു. മറുവശത്ത് റോയ് കൃഷ്ണ നടത്തിയ പ്രത്യാക്രമണത്തെ മുഹമ്മദ് റാകിപ് സമര്‍ഥമായി തടഞ്ഞു. 17-ാം മിനിറ്റില്‍ എടികെയുടെ മറ്റൊരു മുന്നേറ്റവും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. പ്രബീര്‍ ദാസ് വലതുമൂലയില്‍നിന്ന് പായിച്ച ക്രോസ് അബ്ദുള്‍ ഹക്കു ഗോള്‍വലയ്ക്കു മുന്നില്‍വച്ച് അടിച്ചൊഴിവാക്കി.
21-ാം മിനിറ്റില്‍ മെസി ബൗളിയെ അഗസ്റ്റിന്‍ ഇനിഗ്യൂസ് വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനൂകൂലമായി ഫ്രീകിക്ക് കിട്ടി. സെയ്ത്യാസെന്റെ ഫ്രീകിക്ക് എടികെ ഗോള്‍ കീപ്പര്‍ അരിന്ദം കയ്യിലൊതുക്കി.
28-ാം മിനിറ്റില്‍ സെയ്ത്യാസെന്റെ മറ്റൊരു ഫ്രീകിക്ക് എടികെ ഗോള്‍മുഖത്ത് വീണ്ടും അപകടമുയര്‍ത്തി. ബോക്സില്‍നിന്ന് മുഹമ്മദ് നിങ് നല്‍കിയ പാസ് മെസി ബൗളി വല ലക്ഷ്യമാക്കി പായിച്ചു. എന്നാല്‍ ബല്‍വന്തിന്റെ കാലില്‍തട്ടി പന്ത് പുറത്തേക്ക് തെറിച്ചു. 35-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഒഗ്ബെച്ചെയുടെ ഇടപെടല്‍ ബ്ലാസ്റ്റേഴ്സിന് തുണയായി. ഹെര്‍ണാണ്ടസിന്റെ കോര്‍ണറില്‍ റോയ് കൃഷ്ണ ശക്തമായ അടിതൊടുത്തു. ആ അടിക്കെതിരെ ഒഗ്ബെച്ചെ കാല്‍വച്ചു. പന്ത് പുറത്തേക്ക് തെറിച്ചു. അബ്ദുള്‍ ഹക്കുവും റാകിപും ചേര്‍ന്ന് എടികെയുടെ മറ്റ് ശ്രമങ്ങളെ പ്രതിരോധിച്ചു. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ എടികെയുടെ മുന്നേറ്റങ്ങളെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൃത്യമായി തടഞ്ഞു. ഇടയ്ക്ക് നടത്തിയ പ്രത്യാക്രമണങ്ങളിലൂടെ എടികെയെ സമ്മര്‍ദ്ദത്തിലാക്കാനുമായി. കളിയുടെ ഏഴുപതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കെട്ടുപൊട്ടിച്ചു. കാത്തിരുന്ന നിമിഷം പിറന്നു. നര്‍സാറിയുടെ വലംകാലനടി അരിന്ദത്തിനെ മറികടന്ന് വല തുളച്ചു. മെസി ബൗളിയുടെ ക്രോസ് എടികെ ബോക്സിന് മുന്നില്‍വച്ച് മോണ്‍ഗില്‍ തലകൊണ്ട് തട്ടിയിട്ടു. പന്ത് കിട്ടിയത് നര്‍സാറിക്ക്. പന്തുമായി അടിവച്ച് മുന്നേറിയ നര്‍സാറിയെ തടയാന്‍ ആരുമുണ്ടായില്ല. തകര്‍പ്പന്‍ ഷോട്ടിലൂടെ വല തകര്‍ത്തു.
ലീഡ് നേടിയ ശേഷം ബ്ലാസ്റ്റേഴ്സ് പൂര്‍ണമായ ആധിപത്യം നേടി. ഇതിനിടെ റോയ് കൃഷ്ണയുടെ ക്ലോസ് റേഞ്ചില്‍ വച്ചുള്ള ഷോട്ട് ഗോള്‍ കീപ്പര്‍ രെഹ്നേഷ് തട്ടിയകറ്റി. അവസാന നിമിഷങ്ങളില്‍ എടികെ പരുക്കന്‍ കളി പുറത്തെടുത്തെങ്കിലും ബ്ലാസ്റ്റേഴ്സ് വിട്ടുകൊടുത്തില്ല. കളി പരിക്ക് സമയത്തേക്ക് നീണ്ടെങ്കിലും കൊല്‍ക്കത്തയുടെ മണ്ണില്‍ നിര്‍ണായക ജയം ടീം സ്വന്തമാക്കി.19ന് ജംഷെഡ്പുര്‍ എഫ്സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.