കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളെല്ലാം അവസാനിച്ച് സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ 2032 ലെ ഒളിമ്പിക്സിന് വേദിയാകാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് നരീന്ദര്‍ ബാത്ര. ഇതിനു പുമെ 2026 ലെ യൂത്ത് ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള പ്രമുഖ കായിക മത്സരങ്ങള്‍ക്കും വേദി നേടിയെടുക്കാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷം മുന്‍മ്പ് ആതിഥ്യം വഹിച്ച കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് വന്‍കിട കായിക മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്നതില്‍ ഇന്ത്യ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
2026 ലെ യൂത്ത് ഒളിമ്പിക്സിനും 2032 ലെ ഒളിമ്പിക്സിനും ആതിഥ്യമരുളാനുള്ള അവകാശത്തിനായി നമ്മള് സഗൗരവം പരിശ്രമിക്കുമെന്ന് ബാത്ര പ്രഖ്യാപിച്ചു. 2026 ലെ യൂത്ത് ഒളിമ്പിക്സിന് വേദിയൊരുക്കാനുള്ള താല്പര്യം വ്യക്തമാക്കി ഇന്ത്യ നേരത്തെതന്നെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട് അതേ സമയം തായ്ലന്ഡ്, റഷ്യ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളും യൂത്ത് ഒളിമ്പിക്സിന് വേദിയൊരുക്കാന്‍ സന്നദ്ധരായി രംഗത്തുണ്ട്.
2032 ലെ ഒളിമ്പിക്സിനായി ഒാസ്ട്രേലിയ ചൈന എന്നിവര്‍ രംഗത്തുണ്ട്. ഇവര്‍ക്കുപുറമെ ദക്ഷിണ- ഉത്തരകൊറിയകള്‍ സംയുക്തമായി ആതിഥ്യം വഹിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. 2032 ലെ ഒളിമ്പിക്സിനായുള്ള പേപ്പര്‍ ജോലികള്‍ ആരംഭിച്ചിരുന്നതായി രാജ്യാന്തര ഹോക്കി ഫെഡറേഷന് തലവന്‍കൂടിയായ നരീന്ദര്‍ ബാത്ര വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ ഈ ജോലികളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 2025 ഓടെ വേദിയുടെ കാര്യത്തില്‍ അന്തിമതീരുമാനമാകുമെന്നാണ് കരുതുന്നെതന്നും അദ്ദേഹം വ്യക്തമാക്കി.